ന്യൂഡൽഹി : 2025 സെപ്തംബർ 30
തപാൽ വകുപ്പ് ഇൻലൻഡ് സ്പീഡ് പോസ്റ്റ് (ഡോക്യുമെന്റ്) പുതുക്കിയ നിരക്കുകൾ 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. നിരക്കുകളിലെ മാറ്റത്തോടൊപ്പം സേവനത്തിൽ ഇനി മുതൽ പുതിയ സവിശേഷതകളുമുണ്ടാകും. ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത വിതരണം, ഓൺലൈൻ പേയ്‌മെൻറ് സൗകര്യം, വിതരണവുമായി ബന്ധപ്പെട്ട് SMS അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങൾ, സൗകര്യപ്രദമായ ഓൺലൈൻ ബുക്കിംഗ് സേവനങ്ങൾ, വിതരണത്തെ കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകൾ, ഉപയോക്താക്കൾക്കുള്ള രജിസ്ട്രേഷൻ സൗകര്യം എന്നീ സവിശേഷതകളോടെയാകും ഇനി മുതൽ സ്പീഡ്പോസ്റ്റ് സേവനം ലഭ്യമാകുക.
സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന പ്രവർത്തനചെലവുകൾ നിറവേറ്റുന്നതിനുമൊക്കെയാണ് സ്പീഡ് പോസ്റ്റ് (ഡോക്യുമെൻറ്) നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്. 22.09.2025 ലെ 4256 നമ്പർ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുതുക്കിയ നിരക്കുകൾ 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകളുടെ ഘടന ഇങ്ങനെ:
ഭാരം/ദൂരം | പ്രാദേശികം | 200 കി.മീ.വരെ | 201 കി.മീ.മുതൽ500 കി.മീ.വരെ | 501 കി.മീ.മുതൽ1000 കി.മീ.വരെ | 1001 കി.മീ.മുതൽ2000 കി.മീ.വരെ | 2000 കി.മീൽഅധികം |
50 ഗ്രാം വരെ | 19 | 47 | 47 | 47 | 47 | 47 |
51 ഗ്രാം മുതൽ250 ഗ്രാം വരെ | 24 | 59 | 63 | 68 | 72 | 77 |
251 ഗ്രാം മുതൽ500 ഗ്രാം വരെ | 28 | 70 | 75 | 82 | 86 | 93 |
* ജിഎസ്‍ടി ബാധകം
സ്പീഡ് പോസ്റ്റിന് കീഴിൽ മൂല്യവർധിത സേവനമായി ഇനി മുതൽ ഡോക്യുമെൻറുകൾക്കും പാർസലുകൾക്കും രജിസ്ട്രേഷൻ ലഭ്യമാണ്. വിശ്വാസ്യതയും വേഗതയും ഒരുമിപ്പിച്ച്, പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ സേവനത്തിന് കീഴിൽ ഉപഭോക്താക്കൾക്ക് മേൽവിലാസക്കാരന് മാത്രമായുള്ള സുരക്ഷിതമായ വിതരണം ഉറപ്പാക്കാൻ സാധിക്കും. രജിസ്ട്രേഷൻ സേവനത്തിന് ഓരോ സ്പീഡ് പോസ്റ്റ് ഉരുപ്പടിയ്ക്കും (ഡോക്യുമെൻറ്/പാഴ്‌സൽ) ₹5/- നിരക്കും ബാധകമായ ജിഎസ്ടിയും ഈടാക്കും. തപാലുരുപ്പടി മേൽവിലാസക്കാരന് അല്ലെങ്കിൽ മേൽവിലാസക്കാരൻ അധികാരപ്പെടുത്തിയ വ്യക്തിക്ക് മാത്രമേ വിതരണം ചെയ്യുകയുള്ളൂ.
അതുപോലെ, ‘വൺ-ടൈം പാസ്‌വേഡ് (ഒടിപി)‘ സേവനത്തിന് ഓരോ സ്പീഡ് പോസ്റ്റ് ഉരുപ്പടിയ്ക്കും (ഡോക്യുമെൻറ്/പാഴ്‌സൽ) ₹5/- നിരക്കും ബാധകമായ ജിഎസ്ടിയും ഈടാക്കും. ഉരുപ്പടി വിതരണം ചെയ്യുന്ന ജീവനക്കാരനുമായി ഒടിപി വിജയകരമായി സ്ഥിരീകരിച്ചാൽ മാത്രമേ തപാലുരുപ്പടി മേൽവിലാസക്കാരന് കൈമാറുകയുള്ളൂ.
വിദ്യാർത്ഥികൾക്ക് സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിന്, സ്പീഡ് പോസ്റ്റ് നിരക്കിൽ 10% കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ബൾക്ക് ഉപഭോക്താക്കൾക്ക് 5% പ്രത്യേക കിഴിവ് ലഭ്യമാണ്.
