മട്ടന്നൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി

കണ്ണൂർ : മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തി നടന്ന കാട്ടുപോത്തിനെ ഒടുവിൽ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പിടികൂടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം.വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് പിന്നീട് വെള്ളിയാംപറമ്പിലെ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ സാഹചര്യത്തിൽ കീഴല്ലൂർ പഞ്ചായത്തിലെ 6, 7 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കാട്ടുപോത്തിനെ തുരത്താൻ സമീപത്ത് വനമില്ലാത്തതിനാൽ വനംവകുപ്പിന് സാധിക്കാതെ വന്നു. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് വന്നു. വെള്ളിയാഴ്ച വൈകിട്ട് തന്നെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും രാത്രിയായതോടെ സാധിച്ചില്ല. ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും നേരം ഇരുട്ടിയതിനാൽ ദൗത്യം ഇന്നലെ നിർത്തിവയ്ക്കുകയായിരുന്നു.തുടർന്ന് വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജനും സ്ഥലത്ത് സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!