കരുനാഗപ്പള്ളി : ഉത്സവാന്തരീക്ഷത്തിലാണ് അമൃതപുരി. ഇന്ന് മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷം. അമൃതപുരി ആശ്രമവും ആഘോഷപരിപാടികൾ നടക്കുന്ന അമൃതപുരി കാമ്പസും വിദേശത്തുനിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തരെക്കൊണ്ട് നിറഞ്ഞു.
25 വർഷംമുൻപ് മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയിൽ നടത്തിയ മലയാളം പ്രഭാഷണത്തിന്റെ വീഡിയോ പ്രദർശനം, ‘ഒരു ലോകം ഒരു ഹൃദയം’ എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന മലയാള ഉപന്യാസമത്സരത്തിന്റെ ഉദ്ഘാടനം എന്നിവ നടക്കും. 72 പ്രമുഖ വ്യക്തികൾ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ ‘അമ്മക്കടൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമുണ്ട്.
അമൃതകീർത്തി പുരസ്കാരദാനം, അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന സൗജന്യ ശസ്ത്രക്രിയകളുടെ പ്രഖ്യാപനം, കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്ക് 6,000 ശൗചാലയങ്ങൾ നിർമിക്കുന്നതിന്റെ പ്രഖ്യാപനം, അമൃതശ്രീ സ്വയംസഹായ സംഘാംഗങ്ങൾക്കുള്ള സാരിവിതരണം, സമൂഹവിവാഹം എന്നിവയും നടക്കും.