പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം ‘ദായ്‌റ’യുടെ ചിത്രീകരണം ആരംഭിച്ചു; നായിക കരീന കപൂർ

ബോളിവുഡിലേക്ക് വീണ്ടും മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ. അദ്ദേഹം പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ‘ദായ്‌റ’യുടെ ചിത്രീകരണം ആരംഭിച്ചു. മേഘ്ന ഗുൽസാർ ആണ് സംവിധാനം ചെയ്യുന്നത്. റിലീസിനു മുൻപേതന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ക്രൈം ഡ്രാമയിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് കരീന കപൂർ ആണ്.റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ദായ്‌റ’ സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള കഥയാണ് പറയുന്നത്. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ സങ്കീർണ്ണമായ വിഷയങ്ങളെ ചിത്രം കൈകാര്യം ചെയ്യുമെന്നാണ് സൂചന.

ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്നത്. ‘ദായ്‌റ’യുടെ ചിത്രീകരണ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ദായ്‌റ ശക്തമായ ക്രൈം ത്രില്ലറായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനി, സീമ അഗർവാൾ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!