തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പിന്തുണ നല്‍കുകയും കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ അനുനയ നീക്കവുമായി കെപിസിസി.
എന്‍എസ്എസുമായി കോണ്‍ഗ്രസിന് എല്ലാ കാലത്തും നല്ലബന്ധമാണെന്നും എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസ സംരക്ഷണത്തിന് പരിശ്രമിച്ചവരാണ് എന്‍എസ്എസ്. വിശ്വാസ പ്രശ്നത്തില്‍ ഉറച്ചതും സ്ഥിരതയുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തെ എതിര്‍ത്തത് സര്‍ക്കാരാണ്. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരാണ്.
കോണ്‍ഗ്രസും നേതാക്കളും വിശ്വാസികള്‍ ആണെന്നും പ്രധാന നേതാക്കള്‍ എല്ലാം ഇരുമുടിക്കെട്ടുമായി ശബരിമല കയറുന്നവരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.കൂടാതെ 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതും പിണറായി സര്‍ക്കാരാണെന്ന കാര്യം ആരും മറന്നിട്ടില്ല. കോണ്‍ഗ്രസും എന്‍എസ്എസുമായി തര്‍ക്കവും പ്രശ്നവുമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
എന്‍എസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും. എന്‍എസ്എസിനെ കോണ്‍ഗ്രസ് വിമര്‍ശിക്കില്ലെന്നും തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.