മൂത്തേടത്ത് കൃഷിയിടത്തിലിറങ്ങിയ ഏഴു പന്നികളെ വെടിവെച്ച് കൊന്നു

മൂത്തേടം(മലപ്പുറം) : പഞ്ചായത്തില്‍ വിളനശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന നടപടി തുടരുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയുമായി നടന്ന ഓപ്പറേഷനില്‍ ജനവാസമേഖലയിലെ കൃഷിയിടത്തില്‍നിന്ന് ഏഴുപന്നികളെയാണ് വെടിവെച്ചു കൊന്നത്. കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറിയ കാട്ടുപ്പന്നികളെ മാസ് കാംപെയ്‌നിലൂടെ വെടിവെച്ച് കൊല്ലാനുള്ള ദൗത്യം ചൊവ്വാഴ്ചയാണ് തുടങ്ങിയത്.

നാട്ടിന്‍പുറത്തെ കാടുകളില്‍ തങ്ങി രാത്രിയില്‍ കൃഷിയിടത്തിലിറങ്ങി വിളനശിപ്പിക്കുകയും വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയുംചെയ്ത പരമാവധി പന്നികളെ വേട്ടയാടുകയാണ് ലക്ഷ്യം. പത്തോളം ലൈസന്‍സുള്ള ഷൂട്ടര്‍മാര്‍ വേട്ടനായ്ക്കളെ ഉപയോഗിച്ചാണ് പന്നികളെ താവളത്തില്‍നിന്ന് പുറത്തെത്തിക്കുന്നത്. ചൊവ്വാഴ്ച പകല്‍ നടത്തിയ ദൗത്യത്തില്‍ ഓടിരക്ഷപ്പെട്ട പന്നികളെ രാത്രിയില്‍ വേട്ടയാടുകയായിരുന്നു. 

നിസാര്‍ അഹമ്മദിന്റെ നേതൃത്വത്തിലാണ് പന്നികളെ വേട്ടയാടിയത്. പന്നികളുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കുകയുംചെയ്തു. വരും ദിവസങ്ങളിലും പന്നിവേട്ട തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!