ബെംഗളൂരു: ഔട്ടര്‍ റിങ് റോഡിലെ (ഒആര്‍ആര്‍) അതിരൂക്ഷമായ ഗതാഗതത്തിരക്കിന് പരിഹാരംകാണാന്‍ ഐടി കമ്പനിയായ വിപ്രോയുടെ സഹായംതേടി സംസ്ഥാനസര്‍ക്കാര്‍. ഒആര്‍ആറിലെ ഇബ്ലൂര്‍ ജങ്ഷനിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് വിപ്രോയുടെ കാമ്പസിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിക്ക് അയച്ച കത്തിലാണ് അഭ്യര്‍ഥന മുന്നോട്ടുവെച്ചത്.
ഐടി മേഖലയുള്‍പ്പെടുന്ന ഒആര്‍ആറിലെ ഗതാഗതപ്രശ്‌നം സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ബ്ലാക്ക് ബക്ക് കമ്പനി ഓഫീസ് ഇവിടെനിന്ന് മാറ്റാന്‍പോകുകയാണെന്ന് പ്രഖ്യാപിച്ചത് വിവാദമായി.
കമ്പനിയെ വിശാഖപട്ടണത്തേക്ക് ആന്ധ്ര സര്‍ക്കാര്‍ ക്ഷണിച്ചത് ഇരുസര്‍ക്കാരുംതമ്മിലുള്ള തര്‍ക്കത്തിനും കാരണമായി. കുഴികള്‍നിറഞ്ഞ നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വന്‍പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ 1100 കോടി രൂപ മുടക്കി റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടിയാരംഭിച്ചിരിക്കുകയാണ്.
ഇതിനായി കമ്പനിയുമായി പ്രത്യേകധാരണയുണ്ടാക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിപ്രോ കാമ്പസിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിച്ചാല്‍ ഒആര്‍ആറിലെ ഗതാഗതത്തിരക്കിന് 30 ശതമാനം കുറവുണ്ടാകുമെന്ന വിദഗ്ധാഭിപ്രായത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ ആവശ്യമുന്നയിച്ചത്. സുരക്ഷാവിഷയങ്ങള്‍ പരിഗണിച്ച് അതിന്റെയടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ ക്രമീകരണംചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.