തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 90 പവന്റെ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ മാവുവിള വിന്‍സന്‍ വില്ലയില്‍ റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്.
മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചുവെന്ന് ഗില്‍ബര്‍ട്ട് പോലീസിനോട് പറഞ്ഞു. ഗില്‍ബര്‍ട്ടിന്റെ മകനും മകളും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇരുവരും കൊല്ലം മലപ്പുറം ജില്ലകളിലാണ് ജോലി ചെയ്യുന്നത്. മകളുടെയും മരുമകളുടെയും ഭാര്യയുടെയും സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പോലീസില്‍ മൊഴി നല്കി.
ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്.വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
ഗില്‍ബര്‍ട്ടിന്റെ സഹോദരിയുടെ മകന് ഈ സമീപകാലത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ദിവസവും രാത്രി പത്ത് മണിക്കു ശേഷം ഗില്‍ബര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കുട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ചൊവ്വാഴ്ചയും പോയി.
വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിഴിഞ്ഞം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.