ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യയനം പ്രതിസന്ധിയിൽ

കമ്പല്ലൂർ : സെറ്റ് യോഗ്യതയില്ലാത്തവരെ അതിഥി അധ്യാപകരായി നിയമിക്കാമെന്ന വ്യവസ്ഥ സർക്കാർ റദ്ദ് ചെയ്തതോടെ ജില്ലയിലെ ഹയർസെക്കൻഡറി അധ്യയനം പ്രതിസന്ധിയിലാകുന്നു. മുൻ വ്യവസ്ഥപ്രകാരം നിയമിച്ച യോഗ്യതയില്ലാത്തവരെ പിരിച്ചുവിടാനുള്ള നിർദേശം നടപ്പാക്കിയാൽ ജില്ലയിലെ വടക്കൻ അതിർത്തിയിലെ ഇരുപതോളം സർക്കാർ വിദ്യാലയങ്ങളിൽ അധ്യയനമാണ് ബുദ്ധിമുട്ടിലാകുന്നത്.

ജില്ലയിലെ 895 ഹയർ സെക്കൻഡറി അധ്യാപക തസ്തികകളിൽ 300-ഓളം അതിഥി അധ്യാപകർ ജോലിചെയ്യുന്നുണ്ട്. ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും നേടിയവരെയാണ് ഹയർ സെക്കൻഡറി അധ്യാപകരായി നിയമിക്കുക. 2024-ലെ ഉത്തരവ് പ്രകാരം സെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ സെറ്റില്ലാത്തവരെയും നിയമനത്തിൽ പരിഗണിച്ചിരുന്നു. പ്രത്യേകിച്ച് സോഷ്യൽ വർക്ക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം തുടങ്ങിയ വിഷയങ്ങളിൽ.

സെറ്റ് യോഗ്യത നേടിയവരുടെ അഭാവത്തിൽ സെറ്റില്ലാത്തവരെയും നിയമിക്കാമെന്ന 2024 മേയ് 30-ലെ ഉത്തരവ് തുടരാൻ കഴിയില്ലെന്നും അത് റദ്ദ് ചെയ്തതായും അധികൃതർ പ്രിൻസിപ്പൽമാരെ അറിയിച്ചിട്ടുണ്ട്. ഇത് ജില്ലയിലെ വടക്കൻ പ്രദേശങ്ങളിലെ സർക്കാർ വിദ്യാലയങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്.

ജില്ലയിൽ നിയമിക്കപ്പെട്ട 300 പേരിൽ 100-ഓളം അധ്യാപകർ സെറ്റ് യോഗ്യത നേടാത്തവരാണ്. ഭൂരിപക്ഷവും അതിഥി അധ്യാപകർ ജോലിചെയ്യുന്ന വടക്കൻ പ്രദേശങ്ങളിൽ സെറ്റ് യോഗ്യതയില്ലാത്തവരാണ് കൂടുതലുള്ളത്. ഇവരെ ഒഴിവാക്കിയാൽ 20 സർക്കാർ വിദ്യാലയങ്ങളിൽ അധ്യയനം നിലയ്ക്കുമെന്നും സ്കൂൾ പ്രവർത്തനം താറുമാറാകുമെന്നും പ്രിൻസിപ്പൽമാർ ആശങ്കപ്പെടുന്നു.

6 thoughts on “ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യയനം പ്രതിസന്ധിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!