അയ്യപ്പസംഗമം ലക്ഷ്യമിട്ടത് നാടിന്റെ വികസനവും; പിണറായി ഉജ്ജ്വലവിപ്ലവകാരിയും മനുഷ്യസ്നേഹിയും -ഇ.പി

കണ്ണൂര്‍ : ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വിധിയാണ് നടപ്പിലാക്കിയത്. ആഗോള അയ്യപ്പസംഗമത്തിലൂടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം നാടിന്റെ വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ടെന്നും ജയരാജന്‍ പ്രതികരിച്ചു.

2018-ല്‍ യുവതീ പ്രവേശനം നടത്തിയത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നില്ല. കോടതി നടപടി നടപ്പാക്കുക മാത്രമാണ് അന്നുചെയ്തത്. വളരെ തന്ത്രപൂര്‍വം എല്ലാവരെയും സംതൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിധത്തിലുള്ള നടപടികളാണ് അന്ന് സ്വീകരിച്ചത്. മറിച്ചുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുണകരമല്ല.

ആഗോള അയ്യപ്പ സംഗമത്തിനെത്തുന്നവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുകയാുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനെ രാഷ്ട്രീയം എന്നുപറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുള്ളത്. നിരാശയുടെ രാഷ്ട്രീയമാണ് അവര്‍ക്കുള്ളതെന്നും ജയരാജന്‍ പറഞ്ഞു.

പിണറായി വിജയൻ ഒരു ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് സംബന്ധിച്ച ചോദ്യത്തിന്, അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്ന് ജയരാജൻ മറുപടി പറഞ്ഞു. അതിലേക്കൊന്നും തങ്ങൾ പോവുന്നില്ല. പിണറായി ആരാണെന്നും എന്താണെന്നും എല്ലാവർക്കുമറിയാം. അദ്ദേഹം ഉജ്ജ്വലനായ ഒരു വിപ്ലവകാരിയും മനുഷ്യസ്‌നേഹിയുമാണ്. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം പഠിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!