കോതമംഗലം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നതിന്റെ ഭാഗമായി എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി. സമീപകാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന പല ബസുകളിലും ഒട്ടേറെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പാട്ടുപാടി യാത്രക്കാര്‍ക്കിടയില്‍ ഹിറ്റായതുകണ്ടാണ് ഗാനമേള ട്രൂപ്പിലേക്കുള്ള വഴിതുറന്നത്. ഓട്ടത്തിനിടെ പാട്ടും കൂടിയായപ്പോള്‍ പല വിനോദയാത്രകളും വേറെ ലെവലായി.
ജീവനക്കാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് ട്രൂപ്പ് രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. 12-നാണ് സര്‍ക്കുലര്‍ ഡിപ്പോകളിലേക്ക് നല്‍കിയത്. യൂണിറ്റുകളില്‍ ഇതിനോടകം ഒട്ടേറെപ്പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു.
വീഡിയോയുടെ തുടക്കത്തില്‍ പേരും തസ്തികയും കുടുംബാംഗമാണെങ്കില്‍ പേരും ബന്ധവും ജോലിചെയ്യുന്ന യൂണിറ്റും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി സ്വയം പരിചയപ്പെടുത്തണം. പാട്ടിലും ഉപകരണം വായിക്കുന്നതിലുമുള്ള പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ അവയും അപേക്ഷയ്‌ക്കൊപ്പം നല്‍കാം. യൂണിറ്റ് ഓഫീസര്‍മാര്‍ 25-ന് ഉച്ചയ്ക്ക് 2-നു മുന്‍പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തില്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.
യാത്രകളില്‍ ‘ആനവണ്ടി’യിലെ പാട്ട് സാമൂഹിക മാധ്യമത്തിലൂടെ ജനലക്ഷങ്ങള്‍ ഏറ്റെടുത്തതോടെയാണ് ഗാനമേള ട്രൂപ്പ് ഉണ്ടാക്കുന്നതിന് മന്ത്രിയുടെ നിര്‍ദേശാനുസരണം ശ്രമം തുടങ്ങിയത്. വായ്പാട്ടിലും സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിലും പ്രാഗത്ഭ്യമുള്ളവര്‍ക്ക് ട്രൂപ്പിന്റെ ഭാഗമാകുന്നതിനുള്ള അപേക്ഷ നല്‍കുന്നതിന് സിഎംഡി നിര്‍ദേശം നല്‍കിയ സര്‍ക്കുലര്‍ എല്ലാ ഡിപ്പോകളിലും എത്തി.