ആയുർവേദ ദിനാചരണം സെപ്റ്റംബർ 23ന്,10ാം ആയുർവേദ ദിനത്തിൽ വിവിധ പരിപാടികളുമായി തിരുവനന്തപുരം പ്രാദേശിക ആയുർവേദ ​ഗവേഷണ കേന്ദ്രം

തിരുവനന്തപുരം : 2025 സെപ്തംബർ   21

കേന്ദ്രീയ ആയുർവേദ ശാസ്ത്ര ​ഗവേഷണ പരിഷദി (CCRAS) ന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ പ്രാദേശിക ആയുർവേദ ​ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (RARI) 2025 സെപ്റ്റംബർ 23ന് 10ാം ആയുർവേദ ദിനം ആഘോഷിക്കുന്നു. ആയുഷ് മന്ത്രാലയത്തിന്റെ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാ​ഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാധാരണയായി ധനത്രയോദശി ദിനത്തിൽ ആചരിക്കുന്ന ആയുർവേദ ദിനം, പതിവിനു വിപരീതമായി ഈ വർഷം സെപ്റ്റംബർ 23നാണ് ആചരിക്കുന്നത്. ശിശിര സമവാക്യത്തിനൊപ്പമുള്ള ഈ തീയതി, പ്രകൃതിയിലെ സമത്വത്തെ പ്രതിനിധീകരിക്കുന്നിതിനും ആയുർവേദത്തിന്റെ ആ​ഗോളമായ ഏകോപിത ആഘോഷത്തിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിടുന്നു.

‘ആരോ​ഗ്യം വ്യക്തിക്കും ഭൂമിക്കും’ (Ayurveda For People and Planet) എന്നതാണ് 2025 ലെ ആയുർവേദ ദിനത്തിന്റെ പ്രമേയം. വ്യക്തികളുടെ ആരോ​ഗ്യം മാത്രമല്ല, പരിസ്ഥിതിയുടെ നിലനിൽപ്പും സംരക്ഷണവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന ആയുർവേദത്തിന്റെ സമ​ഗ്രമായ സമീപനമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ആയുഷ് മന്ത്രാലയം സർവകലാശാലകൾ,  വിദേശ ഇന്ത്യൻ മിഷനുകൾ, വെൽനെസ് സംഘടനകൾ, പ്രവാസി സമൂഹങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ വ്യാപകമായ പ്രചരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ആയുർവേദ ​ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രാദേശിക ആയുർവേദ ​ഗവേഷണ കേന്ദ്രം നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്:

◼ ആയുർവേദ ജീവിതശൈലി, പ്രതിരോധാരോ​ഗ്യം എന്നിവയെക്കുറിച്ചുള്ള ദൈനംദിന ബോധവൽക്കരണ സെഷനുകൾ

◼ ഇൻ്റ​ഗ്രേറ്റഡ് ഓങ്കോളജി വെബിനാർ – ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുള്ള കാൻസർ ചികിത്സാ സമീപനം

◼ വിദ്യാർത്ഥികൾക്കായി രം​ഗോലി, പോസ്റ്റർ നിർമാണ, റീൽ മത്സരങ്ങൾ

◼ പ്രകൃതി നിർണയ ക്യാമ്പുകൾ – വ്യക്തി​ഗത ആരോ​ഗ്യശീലങ്ങളെക്കുറിച്ച് പൊതുജന ബോധവൽക്കരണം

◼ Non-Flame cooking മത്സരം – ആ​രോ​ഗ്യമുള്ള, നിലനിൽപ്പുള്ള ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്

◼ ‘റൺ ഫോർ ആയുർവേദ’ – പൊതുജന പങ്കാളിത്തത്തിനും ആയുർവേദാരോ​ഗ്യ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും

◼ ശുചീകരണവും വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളും – പരിസ്ഥിതി സമന്വയത്തെ മുന്നോട്ട് വയ്ക്കുന്നു

◼ വിദ​ഗ്ധ പ്രഭാഷണം – ആയുർവേദവും ജീവശാസ്ത്രം, ഫാർമക്കോളജി, പൊതുജനാരോ​ഗ്യം തുടങ്ങിയ ആധുനിക ശാസ്ത്രശാഖകളും തമ്മിലുള്ള ഏകീകരണം സംബന്ധിച്ചും തെളിവടിസ്ഥാനത്തിലുള്ള ​ഗവേഷണവും ആ​ഗോള അം​ഗീകാരവും പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിടുന്നു

ഈ വർഷത്തെ ആയുർവേദ ​ദിനാചരണം ഇന്ത്യയുടെ പാരമ്പര്യജ്ഞാനത്തെ ആദരിക്കുന്നതിനോടൊപ്പം സുസ്ഥിരവും സമ​ഗ്രവുമായ ആ​രോ​ഗ്യ സംരക്ഷണ പരിഹാരങ്ങൾ നേടുന്നതിൽ ആയുർവേദത്തിന്റെ വർധിച്ചുവരുന്ന പ്രസക്തി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!