*ആഗോള അയ്യപ്പ സംഗമം: ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി*

ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവർക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപുണ്യം നുകരാം. പ്രതിനിധികൾക്ക് ഉൾപ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടത്തിന്റെ നേതൃത്വത്തിൽ.

4000 പേർക്കാണ് ഇഡ്ഡലിയും ദോശയും ഉൾപ്പെട്ട പ്രഭാത ഭക്ഷണം. ചായയും കാപ്പിയും കൂടാതെ പാൽ ചേർത്ത കോൺഫ്ലേക്സും ഉണ്ട്. രാവിലെ 11ന് 5000 പേർക്കുള്ള ചായയും ഉഴുന്നുവടയും വിതരണം ചെയ്യും. സാമ്പാർ, പുളിശ്ശേരി, മോര്, അവിയൽ, തീയൽ, തോരൻ ഉൾപ്പെടെ ഒമ്പത് കൂട്ടം കറിയും പാലട പ്രഥമനും ചേർന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് വെജിറ്റബിൾ പുലാവും ചില്ലി ഗോപിയും വിളമ്പും. കൂടെ പാലട പ്രഥമന്റെ രുചിയും ആസ്വദിക്കാം. വൈകിട്ട് മൂന്നിന് 5000 പേർക്ക് ചായയും വട്ടയപ്പവും ഒരുക്കും. 3000 പേരെയാണ് അത്താഴത്തിന് പ്രതീക്ഷിക്കുന്നത്. ഫുൽക്ക റൊട്ടിയും പനീർ ബട്ടറും വെജിറ്റബിൾ സാലഡും അത്താഴത്തിനുണ്ട്. 500 പേർക്ക് ഇരുന്നു കഴിക്കാനും ഏഴ് കൗണ്ടറുകളിലായി ബുഫേ സൗകര്യവുമുണ്ട്. കരിമ്പിൻ ചണ്ടിയിൽ തീർത്ത പ്രകൃതി സൗഹൃദമായ പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. പഴയിടത്തിന്റെ നേതൃത്വത്തിൽ 40 ജീവനക്കാരാണ് കലവറയിൽ. 600 കിലോ അരിയും 1500 ലിറ്റർ പാലും പാചകത്തിന് ഉപയോഗിക്കുന്നു.

2017 മുതൽ തുടർച്ചയായി നാലുവർഷം സന്നിധാനത്ത് പഴയിടത്തിന്റെ മേൽനോട്ടത്തിൽ ഓണസദ്യ നടത്തിയിട്ടുണ്ട്. പമ്പാ തീരത്തെ പ്രധാന വേദിയോട് ചേർന്നും ഹിൽടോപ്പിലെ 7000 ചതുരശ്രയടി ജർമൻ ഹാങ്ങർ പന്തലിലും ആണ് ഭക്ഷണം വിളമ്പുന്നത്.

One thought on “*ആഗോള അയ്യപ്പ സംഗമം: ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി*

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!