ന്യൂഡൽഹി : റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള സേവന നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഡെബിറ്റ് കാര്‍ഡ് ഫീസ്, വൈകി പണമടച്ചാലുള്ള പിഴ, മിനിമം ബാലന്‍സ് കുറഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് എന്നിങ്ങനെ സാധാരണക്കാരായ ഉപഭോക്താക്കളെ ബാധിക്കുന്ന നിരക്കുകള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍ബിഐയുടെ നീക്കം.ഈടാക്കുന്ന നിരക്കുകളുടെ പരിധി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ചെറുകിട വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസ് 0.50 ശതമാനം മുതല്‍ 2.5 ശതമാനംവരെയാണ്. ചില ബാങ്കുകളാകട്ടെ ഭവന വായ്പകളുടെ പ്രൊസസിങ് ഫീസിന് 25,000 രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്.
കോര്‍പറേറ്റ് വായ്പകളില്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ചെറുകിട വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സമയത്താണ് ആര്‍ബിഐയുടെ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്. വ്യക്തിഗത-വഹന വായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍ എന്നിവ വഴിയാണ് ബാങ്കുകളുടെ ലാഭത്തില്‍ ഈയിടെ വര്‍ധനവുണ്ടായത്.
സേവന നിരക്കുകള്‍ ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ രണ്ടു വര്‍ഷത്തിനിടെ 25 ശതമാനം കൂടി. ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.