തൃശൂർ : പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാൻ ഹൈക്കോടതിയുടെ അനുമതി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ച് അറിയിച്ചു. പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ഉത്തരവ്.റിപ്പോർട്ടിൽ ചിലയിടങ്ങളിൽ ചെറിയ ഗതാഗതക്കുരുക്കുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നെങ്കിലും, തിരക്കേറിയ റോഡിൽ ഇത് സ്വാഭാവികമാണെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശിച്ച എല്ലാ നടപടികളും പൂർത്തിയാക്കിയതിനാൽ ടോൾ പിരിവ് പുനഃരാരംഭിക്കാൻ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ആവശ്യപ്പെട്ടിരുന്നു. ടോൾ പിരിവ് നിർത്തിവച്ചത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും മുന്നൂറിലധികം തൊഴിലാളികളുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
പുതുക്കിയ ടോൾ ആയിരിക്കുമോ ഇനിമുതൽ ഈടാക്കുകയെന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകുള്ളൂ. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് മുതല്‍ പത്ത് രൂപ വരെയുള്ള വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപ നല്‍കേണ്ടിവരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നില്‍ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും, ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.