കേബിൾ സേവനത്തിൽ വീഴ്ച: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്5000 രൂപ പിഴ

കോട്ടയം: കാലവധി പൂർത്തിയാകുംമുമ്പേ പ്രീ പെയ്ഡ് കേബിൾ ടി.വി. കണക്ഷൻ ഡിസ്‌കണക്ട് ചെയ്തതിന് ചങ്ങനാശേരി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

 തൃക്കൊടിത്താനം സ്വദേശി സോമസുന്ദരം നൽകിയ പരാതിയിലാണ് നടപടി. 2025 ഫെബ്രുവരി 25 വരെ കാലാവധിയിൽ 4800 രൂപ മുടക്കി ഒരുവർഷത്തെ പ്രീ പെയ്ഡ് കണക്ഷൻ എടുത്തത് 2024 നവംബർ 18ന് ഡിസ്‌കണക്ട് ആയെന്നും തൊട്ടടുത്തദിവസം തന്നെ ഫോൺ മുഖേനെയും ഓഫീസിൽ നേരിട്ടെത്തിയും പരാതി നൽകിയിട്ടും പരിഹരിച്ചില്ല എന്നുമാണ് കമ്മിഷനു മുന്നിലെത്തിയ കേസ്.

 സെറ്റ്‌ടോപ് ബോക്സിന്റെ തകരാർ മൂലമാണ് ഡിസ്‌കണക്ടായതെന്നു സ്ഥാപനം വാദിച്ചെങ്കിലും തെളിവു ഹാജരാക്കാനായില്ല. പരാതിക്കാരൻ 2019ലെ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരമുള്ള ഉപഭോക്താവല്ലെന്ന വാദവും കമ്മീഷൻ നിരാകരിച്ചു. 1995ലെ കേബിൾ നെറ്റ്‌വർക്ക് ആക്ട് പ്രകാരം തടസമില്ലാത്ത സേവനം നൽകുന്നതിൽ സ്ഥാപനത്തിനു വീഴ്ച വന്നുവെന്നും സേവനന്യൂനതയ്ക്ക് 5000 രൂപ പരാതിക്കാരനു നൽകണമെന്നും അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കമ്മിഷൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!