ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒന്‍പതിൽ രാവിലെ ഏഴരയോടെയാണു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ. ആദിത്താണ് (17) ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.
ആദിത്തിനുനേരെ ആന ചിന്നംവിളിച്ച് ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.കാക്കയങ്ങാടുള്ള ഐടിഐ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽപ്പെട്ടത്. ആനയുടെ ചിന്നംവിളി കേട്ടയുടനെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുവെന്ന് ആദിത്ത് പറഞ്ഞു.