തപാൽ ഓഫീസുകളിൽ ഇനി ബി.എസ്.എൻ.എൽ സിം കാർഡും റീചാർജും :ധാരണാപത്രത്തിൽ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യയിലുടനീളം ബി.എസ്.എൻ.എൽ (BSNL) മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് (DoP)യും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL) തമ്മിൽ തന്ത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

2025 സെപ്റ്റംബർ 17-നാണ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് ജനറൽ മാനേജർ (സിറ്റിസൺ സെൻട്രിക് സർവീസസ് ആൻഡ് ആർ.ബി) മനീഷ ബൻസാൽ ബാദലും, ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്–കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

കരാറനുസരിച്ച്, ഇന്ത്യാ പോസ്റ്റിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ ശൃംഖല ഉപയോഗപ്പെടുത്തി രാജ്യത്തെ നഗര-ഗ്രാമ മേഖലയിലാകെ ബി.എസ്.എൻ.എൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കും. അസമിൽ നടപ്പിലാക്കിയ പരീക്ഷണ മാതൃക വലിയ വിജയമായി മാറിയതിനെ തുടർന്നാണ് ഈ പദ്ധതി ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

തപാൽ ഓഫീസുകൾ ബി.എസ്.എൻ.എൽ സിം വില്പന, മൊബൈൽ റീചാർജുകൾ എന്നിവയ്‌ക്കായി പോയിന്റ് ഓഫ് സെയിൽ (PoS) ആയി പ്രവർത്തിക്കും. സിം സ്റ്റോക്കും പരിശീലനവും ബി.എസ്.എൻ.എൽ നൽകുമ്പോൾ, തപാൽ വകുപ്പ് ഉപഭോക്താക്കളെ ചേർക്കുകയും ഇടപാടുകൾ സുരക്ഷിതമായി സുഗമമാക്കുകയും ചെയ്യും.

വിദൂര പ്രദേശങ്ങളിലെ ഡിജിറ്റൽ വിഭജനം കുറച്ച് ഗ്രാമീണ കുടുംബങ്ങളെ മൊബൈൽ സേവനങ്ങളിലൂടെ ശാക്തീകരിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ ഇന്ത്യ, സാമ്പത്തിക ഉൾച്ചേർക്കൽ, സാമൂഹിക-സാമ്പത്തിക പുരോഗതി എന്നീ ദൗത്യങ്ങൾക്കും ഈ കൂട്ടായ്‌മ പുതിയ ഉത്സാഹം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു വർഷത്തേക്ക് പ്രാബല്യത്തിൽ വരുന്ന ഈ കരാർ പിന്നീട് പുതുക്കാവുന്നതാണ്. സൈബർ സുരക്ഷ, ഡാറ്റ സ്വകാര്യത, ശക്തമായ നിരീക്ഷണ സംവിധാനം എന്നിവയും ഉറപ്പുവരുത്തും എന്ന് ഇരു സ്ഥാപനങ്ങളും അറിയിച്ചു.

6 thoughts on “തപാൽ ഓഫീസുകളിൽ ഇനി ബി.എസ്.എൻ.എൽ സിം കാർഡും റീചാർജും :ധാരണാപത്രത്തിൽ ഒപ്പുവച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!