തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ ആയുർവേദ വാചസ്പതി [എംഡി (ആയുർവേദ)], ആയുർവേദ ധന്വന്തരി [എംഎസ് (ആയുർവേദ)] എന്നീ പിജി ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കേരള പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ എന്നീ സർക്കാർ ആയുർവേദ കോളേജുകളിലും ഒല്ലൂർ, കോട്ടയ്ക്കൽ എന്നീ എയ്ഡഡ് ആയുർവേദ കോളേജുകളിലും മറ്റ് സ്വകാര്യ സ്വാശ്രയ കോളേജുകളിലുമാണ് കോഴ്സുള്ളത്.
സർവീസ് ക്വാട്ട അപേക്ഷകർ ഉൾപ്പെടെയുള്ളവർ എൻടിഎ നടത്തിയ അഖിലേന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിൽ (എഐഎപിജിഇടി) യോഗ്യത നേടിയിരിക്കണം. യോഗ്യതാ വ്യവസ്ഥ: (i) ജനറൽ/ഇഡബ്ല്യുഎസ് വിഭാഗം -50-ാം പെർസന്റൈൽ സ്കോർ (ii) പട്ടിക/എസ്ഇബിസി വിഭാഗക്കാരും ഈ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരും -40-ാം പെർസന്റൈൽ (iii) ജനറൽ/ഇഡബ്ല്യുഎസ് വിഭാഗ ഭിന്നശേഷിക്കാർ-45-ാം പെർസന്റൈൽ. പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലും ഉൾപ്പെടണം. സർവീസ് വിഭാഗക്കാർ/സ്പോൺസർ ചെയ്യപ്പെടുന്നവർ എന്നിവർ ഉൾപ്പെടെ എല്ലാവരെയും യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി എഐഎപിജിഇടിയിൽ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.
ഓരോ വിഷയത്തിലും തിയറി, പ്രാക്ടിക്കൽ എന്നിവയിൽ 50 ശതമാനംവീതം മാർക്കോടെ കേരളത്തിലെ സർവകലാശാലകളിലൊന്നിൽനിന്ന് നേടിയ ബിഎഎം/ആയുർവേദാചാര്യ/ ബിഎഎംഎസ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച തത്തുല്യ യോഗ്യത വേണം. 2025 എഐഎപിജിഇടി അഭിമുഖീകരിക്കാൻ വേണ്ടിയിരുന്ന യോഗ്യതയുടെ ഭാഗമായി ഇന്റേൺഷിപ്പ് പൂർത്തീകരണത്തിനുള്ള കട്ട് ഓഫ് തീയതി 2025 ഓഗസ്റ്റ് 31 ആയിരിക്കും.ബന്ധപ്പെട്ട കൗൺസിലിൽനിന്ന് ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കിയാൽമാത്രമേ പ്രവേശനംനൽകൂ.അപേക്ഷ www.cee.kerala.gov.in വഴി 19-ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.