പോയാലോ മൈക്രോവേവ് വ്യൂ പോയിന്റിലേക്ക്

തൊടുപുഴ : പ്രകൃതിയുടെ ശാന്തത. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകൾ. പൈനാവിലെ മൈക്രോവേവ് വ്യൂപോയന്റിൽനിന്നുള്ള കാഴ്ചകൾ നയനമനോഹരമാണ്. മുൻപ് പ്രാദേശികമായിമാത്രം അറിയപ്പെട്ടിരുന്ന ഇവിടമിപ്പോൾ യാത്രികരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്. വനംവകുപ്പിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രമാണിത്.

ആനമുടി, ചൊക്രമുടി, പാൽക്കുളംമേട്, തോപ്രാംകുടി-ഉദയഗിരി മലനിരകൾ, കാൽവരിമൗണ്ട്, ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്, പൂപ്പാറ, കള്ളിപ്പാറ, തുടങ്ങിയ പ്രദേശങ്ങളും ഇവിടെനിന്ന് കാണാം. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളും കൺമുൻപിലെത്തും.

മൈക്രോവേവ് വ്യൂപോയിന്റിൽനിന്ന് നോക്കുമ്പോൾ കണ്ണെത്താദൂരത്തോളം കാഴ്ച കാണാം. മലയിടുക്കുകളിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയമാണ് അതിലെ പ്രധാനപ്പെട്ടത്. പഞ്ഞിക്കെട്ടുകൾപോലെ ഒഴുകിനീങ്ങുന്ന മേഘം, സൂര്യരശ്മികൾ അതിൽ തട്ടുമ്പോൾ സ്വർണവർണം വിതറും. ഇതോടൊപ്പം ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യവും.

രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിർമിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് സ്ഥലം പരിപാലിക്കുന്നത്. അവരിൽ മൂന്നുപേർ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!