കാഞ്ഞിരപ്പള്ളി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയുടെയും, കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെയും മാതൃവേദിയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാ മാതൃവേദിയുടെയും, എസ്.എം.വൈ.എം.ന്റെയും നേതൃത്വത്തില്‍ മരിയന്‍ തീര്‍ത്ഥാടനം നടത്തപ്പെട്ടു. രാവിലെ 9.30ന് കത്തീഡ്രല്‍ ദൈവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തി. തുടര്‍ന്ന് രൂപതാ വികാരി ജനറാള്‍മാരായ റവ.ഫാ.ജോസഫ് വെള്ളമറ്റം മാതൃവേദി പതാകയും, റവ.ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എസ്.എം.വൈ.എം. പതാകയും രൂപതാ പ്രസിഡന്റുമാര്‍ക്കു നല്‍കി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജപമാല ചൊല്ലി ടൗണ്‍ചുറ്റി അക്കരപ്പളളി അങ്കണത്തില്‍ എത്തി. മാതാവിന്റെ 30 പ്രത്യക്ഷീകരണങ്ങള്‍ തീര്‍ത്ഥാടന വഴിയില്‍ പങ്കുചേര്‍ന്നു.
അക്കരപ്പള്ളിയില്‍ എത്തിചേര്‍ന്ന തീര്‍ത്ഥാടകരെ കത്തീഡ്രല്‍ വികാരി റവ.ഫാ. കുര്യന്‍ താമരശ്ശേരി സ്വാഗതം ചെയ്തു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ മരിയന്‍ സന്ദേശം നല്‍കി. ഹൃദയത്തിലും ഉദരത്തിലും വചനത്തെ സ്വീകരിച്ച് പരിശുദ്ധ അമ്മ നടത്തിയ തീര്‍ത്ഥാടനത്തില്‍ നാമും ആത്മനാ പങ്കുചേരുകയാണെന്നും, തീര്‍ത്ഥാടകയായ സഭയോടൊപ്പം നാമും തീര്‍ത്ഥാടകരാകുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വര്‍ഗത്തെ ലക്ഷ്യമാക്കി നടക്കാന്‍ ഈ ഭൂമിയില്‍ നമ്മെ കൈ പിടിച്ചു നടത്തുന്ന മധ്യസ്ഥയായി പ.അമ്മ നമുക്ക് മുമ്പില്‍ നിലകൊള്ളുകയാണ്. ഈ തീര്‍ത്ഥാടനം നമുക്ക് കരുത്തും ശക്തിയുമാകട്ടെ എന്ന് മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു. യുവജനങ്ങള്‍ ഇന്നത്തെ സഭയുടെ കരുത്തും നാളത്തെ സഭയുടെ സ്വപ്നവൂമായി മാറണം. മാതാക്കള്‍ കുടുംബങ്ങളുടെ അനുഗ്രഹവും കാവല്‍ വിളക്കുമാകണം എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ.ഫാ. മാത്യു ഓലിക്കല്‍, രൂപതാ എസ്.എം.വൈ.എം. ഡയറക്ടര്‍ റവ.ഫാ. തോമസ് നരിപ്പാറ എന്നിവര്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു.
തീര്‍ത്ഥാടനത്തിന് മാതൃവേദി, എസ്.എം.വൈ.എം. ഡയറക്ടര്‍മാരായ ഫാ. മാത്യു ഓലിക്കല്‍, ഫാ. തോമസ് നരിപ്പാറ, ആനിമേറ്റര്‍ സി.റോസ്മി എസ.്എ.ബി.എസ.്, റീജന്റ് ബ്രദര്‍ കെവിന്‍, എസ്.എം.വൈ.എം. ഡപ്യൂട്ടി പ്രസിഡന്റ് ഡിജു കൈപ്പന്‍പ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ഷെബിന്‍ ജോയി, കൗണ്‍സിലര്‍ ആന്‍ മരിയ കൊല്ലശ്ശേരില്‍, ജോയിന്റ് സെക്രട്ടറി മരീനാ സെബാസ്റ്റ്യന്‍, മീഡിയ വിങ് റോമല്‍ ടോമി, റീജന്റ് ബ്രദര്‍ ജെറി പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.