തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ല (49) ആണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ജുനൈസ് മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. കാല്‍തെന്നി വീണെന്നാണ് ഒപ്പമുള്ളവര്‍ ആദ്യം കരുതിയത്.
അതുകൊണ്ടുതന്നെ അവർ നൃത്തം തുടർന്നു. എന്നാൽ
എഴുന്നേല്‍ക്കാതിരുന്നതോടെ നൃത്തം നിർത്തി മറ്റുള്ളവർ വന്ന് ജുനൈസിനെ എടുത്തു. നിയമസഭയിലെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയാണ് ജുനൈസ്. സംഭവത്തെ തുടര്‍ന്ന് നിയമസഭയിലെ ഓണാഘോഷം നിര്‍ത്തിവെച്ചു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ജുനൈസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചിച്ചു. റസീനയാണ് ജുനൈസിന്റെ ഭാര്യ. മക്കള്‍: നജാദ് അബ്ദുല്ല
ആദരാഞ്ജലികൾ