സമ്പൂർണ അഭിയാൻ സമ്മാൻ സമാരോഹ്: ജില്ലകൾക്കും ബ്ലോക്കുകൾക്കും പുരസ്കാരങ്ങൾ നൽകി

സമ്പൂർണ അഭിയാൻ സമ്മാൻ സമാരോഹ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയ ജില്ലകൾക്കും ബ്ളോക്കുകളുമുള്ള പുരസ്‌കാരങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വിതരണം ചെയ്തു. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി എസ്. ഹരികിഷോർ അധ്യക്ഷത വഹിച്ചു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സാമൂഹിക, ജീവിത നിലവാര സൂചികകളിൽ ചരിത്രപരമായി മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. പലകാര്യങ്ങളിലും ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളം. എന്നാൽ പ്രാദേശികമായി പിന്നിൽ നിൽക്കുന്ന സ്ഥലങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളെയും ജനതയെയും കൂടി മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് പദ്ധതി സഹായിക്കുന്നു. സർക്കാരിന്റെ വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയതിലൂടെ പത്തു പോയിന്റ് ഒറ്റയടിക്ക് നേടി സുസ്ഥിര വികസന സൂചികയിൽ മുന്നിലെത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

കാസർകോട് പരപ്പ ബ്ളോക്കിന് പദ്ധതിയിലൂടെ മൂന്നര കോടി രൂപയും വയനാട് പനമരം ബ്ളോക്കിന് ഒന്നര കോടി രൂപയും സഹായം ലഭിച്ചു. വിവിധ ജില്ലകളെയും ബ്ളോക്കുകളെയും മുന്നിലെത്തിക്കാൻ പ്രവർത്തിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

കാസർകോട് ജില്ലയ്ക്കായി ജില്ലാ കളക്ടർ ഇമ്പശേഖറും വയനാട് ജില്ലയ്ക്കായി ജില്ലാ കളക്ടർ മേഘശ്രീയും പുരസ്‌കാരം ഏറ്റുവാങ്ങി. പാലക്കാടിനുള്ള പുരസ്‌കാരം സബ് കളക്ടർ അഞ്ജിത്ത് സിംഗും ഇടുക്കിക്കുള്ള പുരസ്‌കാരം എ. ഡി. എം വിനോദും ഏറ്റുവാങ്ങി. വിവിധ ബ്ളോക്കുകൾക്കുള്ള പുരസ്‌കാരം ബ്ളോക്ക് പ്രതിനിധികൾ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡയറക്ടർ മുഹമ്മദ് ഷഫീക്ക്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!