എരുമേലി മാസ്റ്റർപ്ലാനിലെ ഫ്ലൈ ഓവർ നിർമ്മാണം പുനഃപരിശോധിക്കും :സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ 

എരുമേലി:ശബരിമലയുടെ പ്രവേശന കവാടവും, നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥാപിതമാകാൻ പോകുന്ന സ്ഥലവുമായ എരുമേലിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഭാവി വികസനം മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിന്റെ ഒന്നാം ഘട്ടമായി ആവിഷ്കരിച്ചതാണ് എരുമേലി മാസ്റ്റർ പ്ലാൻ. ഇതിനായി സംസ്ഥാന ഗവൺമെന്റ് ഒന്നാം ഘട്ടമായി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് എരുമേലിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.

1. വലിയമ്പലം കോമ്പൗണ്ടിൽ തീർത്ഥാടകർക്ക് സ്നാനത്തിനും, ശുചിമുറി സൗകര്യത്തിനുമായി ആധുനിക സൗകര്യങ്ങളുള്ള ബൃഹത്തായ കോംപ്ലക്സുകൾ.

2. വലിയമ്പലം കോമ്പൗണ്ടിൽ പുതിയ ചെക്ക് ഡാം , ഉപരിതല വാട്ടർ ടാങ്ക്, കുഴൽ കിണർ തുടങ്ങിയ ജലലഭ്യതയ്ക്കുള്ള സംവിധാനങ്ങൾ.

3. വിപുലമായ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്

4. കൊച്ചമ്പലത്തിന്റെ പിന്നിൽ നിന്നും ആരംഭിച്ച് പേരൂത്തോട് വഴി കാനന പാതയിലേക്കുള്ള പരമ്പരാഗത പാതയുടെ നവീകരണം.

5. കൂടാതെ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് താഴെപ്പറയുന്ന റിംഗ് റോഡുകൾ വികസിപ്പിച്ച് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരുടെതല്ലാത്ത വാഹനങ്ങൾക്ക് ബൈപ്പാസുകൾ ഒരുക്കുക.

വികസിപ്പിക്കുന്ന റിംഗ് റോഡുകൾ.

1. എരുമേലി ബസ്റ്റാൻഡ്-നേർച്ചപ്പാറ- ആനിക്കുഴി ഉറുമ്പിൽ പാലം റോഡ്

2. ചെമ്പകത്തുങ്കൽ പാലം- ഓരുങ്കൽ കടവ് റോഡ്

3. എം.ടി എച്ച്എസ് – എൻ.എം എൽപിഎസ് – കാരിത്തോട് റോഡ്

4. പാട്ടാളിപ്പടി- കരിങ്കല്ലുംമൂഴി റോഡ്

5. എരുമേലി പോലീസ് സ്റ്റേഷൻ- ബിഎസ്എൻഎൽ പടി – ചരള റോഡ്

ഇതോടൊപ്പം മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന സെൻട്രൽ ജംഗ്ഷനിലെ ഫ്ലൈ ഓവർ സംബന്ധിച്ച് എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പുന പരിശോധിക്കുന്നതിന് തീരുമാനിച്ചതായി എം എൽ എ അറിയിച്ചു. ഇതു സംബന്ധമായി ഗവൺമെന്റിന്റെയും,ദേവസ്വം ബോർഡിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും കൂടി നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിശ്ചയിച്ചു. വികസനം എല്ലാവർക്കും കൂടി വേണ്ടിയുള്ളതാണ്. അതിനാൽ തന്നെ എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും നിശ്ചയിച്ചു. ആലോചനാ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മറ്റ് ദേവസ്വം ബോർഡ് അധികൃതർ , വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ, സാമൂഹിക, സാംസ്കാരിക, സാമുദായിക, വ്യാപാര സംഘടന പ്രതിനിധികൾ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!