കൊച്ചി: : എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസത്തെ മെഗാ ഓണച്ചന്തകളും 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസത്തെ ചന്തകളും സംഘടിപ്പിക്കും. സംസ്ഥാനതല ഓണച്ചന്ത തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിൽ മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ചന്തക്ക് തുടക്കമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും.
ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്സിഡിയായും സബ്സിഡിയില്ലാതെയും വെളിച്ചെണ്ണ വിതരണം ചെയ്യാൻ സപ്ലൈകോ. സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പാക്കറ്റിന് 179 രൂപയിലും സബ്സിഡിയില്ലാത്തത് 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും വിതരണം ചെയ്യും. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്ന് സപ്ലൈകോ അറിയിച്ചു.
നിലവിൽ ഒരു റേഷൻ കാർഡിന് എട്ട് കിലോ അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ ലഭ്യമാക്കും. എ.എ.വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട ആറ് ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകും. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ രണ്ട് വരെയാണ് കിറ്റ് വിതരണം.
വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചതായും സപ്ലൈകോ അധികൃതർ അറിയിച്ചു. വന്‍പയറിന് 75 രൂപയില്‍നിന്ന് 70 രൂപയായും തുവരപ്പരിപ്പിന് 105 രൂപയില്‍നിന്ന് 93 രൂപയായുമാണ് കുറച്ചത്. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍നിന്ന് ഒരു കിലോയായി വര്‍ധിപ്പിച്ചു. (കിലോക്ക് 115.5 രൂപ, അര കിലോക്ക് 57.50)