പാലക്കാട് : ഉത്പാദനച്ചെലവിൽ വലയുന്ന ക്ഷീരകർഷകർക്ക് ആശ്വാസമായി തദ്ദേശവകുപ്പിന്റെ ധനസഹായമെത്തും. വൈക്കോൽ, തീറ്റപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് ധനസഹായം നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതിയായി.ക്ഷീരസംഘങ്ങൾ മുഖേനയാണ് സഹായവിതരണം നടത്തുക.ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഒരുകിലോഗ്രാം വൈക്കോലിന് നാലുരൂപയും തീറ്റപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് കിലോഗ്രാമിന് മൂന്നുരൂപ നിരക്കിലുമാണ് സഹായം നൽകുക. രണ്ടിനുംകൂടി പരമാവധി 5,000 രൂപവരെ ഒരുകർഷകന് നൽകാമെന്നാണ് നിർദേശം. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ഇതിനാവശ്യമായ പ്രോജക്ട് തയ്യാറാക്കാം.
നിലവിൽ ക്ഷീരകർഷകർക്ക് തദ്ദേശസ്ഥാപനങ്ങൾ പാൽ ഇൻസെന്റീവാണ് നൽകുന്നത്. ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവരുടെ സംയുക്ത പദ്ധതിവഴി ഒരുലിറ്റർ പാലിന് മൂന്നുരൂപ നിരക്കിൽ കർഷകർക്ക് നൽകുന്നുണ്ട്. ഇതുകൂടാതെ, കറവപ്പശുവിനെ വാങ്ങാനും സഹായം നൽകുന്നുണ്ട്. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഡിനേഷൻ കമ്മിറ്റി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വൈക്കോലിനും തീറ്റപ്പുല്ലിനുംകൂടി സഹായമെത്തിക്കാൻ തീരുമാനിച്ചത്. മിക്ക ക്ഷീരസംഘങ്ങളും നിലവിൽ പാടശേഖരങ്ങളിൽനിന്നാണ് വൈക്കോൽ വാങ്ങുന്നത്. ഒരുകിലോ വൈക്കോലിന് എട്ടുരൂപയോളം നൽകുന്നുണ്ട്. തീറ്റപ്പുല്ലിന് കിലോയ്ക്ക് അഞ്ചുരൂപവരെയും സൈലേജിന് 12 രൂപയോളവും ചെലവാക്കുന്നുണ്ട്. അഞ്ചുലിറ്റർ പാൽകറക്കുന്ന പശുവിന് ഒരുദിവസം 20 കിലോ വൈക്കോലെങ്കിലും നൽകണമെന്നതിനാൽ കർഷകന് വലിയതുക ചെലവാക്കേണ്ടിവരുന്നുണ്ട്.