യുവജന ജൂബിലിക്ക് റോമിൽ ഒത്തുകൂടാന്‍ അഞ്ചുലക്ഷം യുവജനങ്ങള്‍; വിപുലമായ ഒരുക്കങ്ങള്‍

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന യുവജന ജൂബിലിക്ക് റോമിൽ ഒത്തുകൂടാന്‍ അഞ്ചുലക്ഷം യുവജനങ്ങള്‍ തയാറെടുക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളാണ് ഒത്തുചേരുന്നത്. 2025 ജൂബിലി വര്‍ഷത്തിലെ ഏറ്റവും വലിയ പരിപാടിയായാണ് യുവജന സംഗമത്തെ വിശേഷിപ്പിക്കുന്നത്. 2000-ൽ ലോക യുവജന ആഘോഷത്തിനായി ഉപയോഗിച്ചിരുന്ന വലിയ മൈതാനമായ ടോർ വെർഗറ്റയിലാണ് പ്രധാന സംഗമം നടക്കുന്നത്. ഇവിടെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.

146 രാജ്യങ്ങളിൽ നിന്നുള്ള യുവജന തീര്‍ത്ഥാടകര്‍ സംഗമത്തില്‍ പങ്കെടുക്കും. ഇതില്‍ 68% യൂറോപ്പിൽ നിന്നുള്ളവരാണ്. റോമില്‍ കനത്ത ചൂടായതിനാല്‍ 50 ലക്ഷം വെള്ളക്കുപ്പികൾ വിതരണം ചെയ്യുവാന്‍ ഒരുക്കികഴിഞ്ഞു. 2,660 കുടിവെള്ള സ്റ്റേഷനുകളുടെ ഒരുക്കം അവസാനഘട്ടത്തിലാണ്. 4,000 പോലീസുകാരും അഗ്നിശമനസേനാംഗങ്ങളുമാണ് സുരക്ഷാ ചുമതല നിര്‍വ്വഹിക്കുക. 2,760 പോർട്ടബിൾ ടോയ്ലറ്റുകൾ, 143 മെഡിക്കൽ പോസ്റ്റുകൾ, 43 ആംബുലൻസുകൾ, ഹെലികോപ്റ്റർ സേവനം എന്നിവ ക്രമീകരിക്കുന്നുണ്ട്. സ്കൂളുകളിലും പള്ളികളിലും മറ്റ് സ്ഥലങ്ങളിലുമായാണ് താമസ ക്രമീകരണം.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഇരുപത്തിയൊൻപതാം തീയതി വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഓഗസ്റ്റ് 2,3 തീയതികളിലാണ് പ്രധാന ആഘോഷം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!