തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവഗണനയില്‍ മനം നൊന്ത ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്‍റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ നല്‍കിയിരുന്ന 2000 രൂപയ്‌ക്ക് പകരം 3500 രൂപ നല്‍കും.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം ലോക് സഭയില്‍ അറിയിച്ചത്. ഇന്‍സെന്‍റീവ് ലഭിക്കുന്നതിനുള്ള ഉപാധികളിലും മാറ്റം വരുത്തി. പത്ത് വര്‍ഷം സേവനം അനുഷ്ഠിച്ച് പിരിഞ്ഞുപോകുന്നവര്‍ക്കുള്ള ആനുകൂല്യം 20000 രൂപയില്‍ നിന്നും 50000 രൂപയാക്കി വര്‍ധിപ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയ്‌ക്ക് നല്‍കിയ മറുപടിയിലാണ് ആശാവര്‍ക്കര്‍മാര്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിച്ച കാര്യം കേന്ദ്രമന്ത്രി അറിയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് 100 ദിവസത്തോളം ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തിട്ടും പിണറായി സര്‍ക്കാര്‍ അവര്‍ക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, അപമാനിക്കാനും ശ്രമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളെ വിട്ടായിരുന്നു അപമാനിക്കാന്‍ ശ്രമിച്ചത്. ഫെബ്രുവരി 10ന് സമരം ആരംഭിച്ച ആശാവര്‍ക്കര്‍മാരുടെ സമരം മെയ് 20 വരെ നീണ്ടു. മനം നൊന്ത ചിലര്‍ മുടി മറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചിട്ടും പിണറായി സര്‍ക്കാര്‍ അനങ്ങിയില്ല. അവിടെയാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി കുറച്ചുനാള്‍ മുന്‍പ് ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു