ന്യൂഡല്‍ഹി:പടിപടിയായിഎല്ലാസേവനങ്ങളിലുംമുഖംതിരിച്ചറിയല് നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ.
‘ഇന്ത്യയിലെ ആധാര്‍ പ്രവര്‍ത്തനം’ സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) മറുപടി. അങ്കണവാടി ആനുകൂല്യങ്ങള്‍ക്ക് മുഖം തിരിച്ചറിയല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് റേഷന്‍കടകളിലേക്കും തൊഴിലുറപ്പുപദ്ധതിയിലേക്കും അടക്കം വ്യാപിപ്പിക്കുന്നത്.
യുഐഡിഎഐ ചെയര്മാന് നീല്‍കാന്ത് മിശ്ര, ഐടി സെക്രട്ടറി എസ്. കൃഷ്ണന് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ബയോമെട്രിക് വിവരം ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ വലിയൊരു വിഭാഗം ആധാര്‍ ഉടമകള്‍ക്ക് ആനുകൂല്യം നഷ്ടമാവുന്നതായി പരാതിയുണ്ടെന്ന് പിഎസി ചെയര്മാന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 2018-ലെ സുപ്രീംകോടതി വിധിപ്രകാരം ആധാര്‍ നിര്‍ബന്ധമല്ല. ഈ സാഹചര്യത്തില്‍ വിരലടയാളം കൃത്യമാവാത്തതിനാല്‍ ആനുകൂല്യം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പിഎസി ചോദിച്ചു.യുഐഡിഎഐ ശേഖരിച്ച വിരലടയാളം പിന്നീട് യോജിക്കാത്തതിനാല്‍ റേഷന്‍ നല്‍കാത്ത സംഭവങ്ങളടക്കം റിപ്പോര്‍ട്ട്ചെയ്യപ്പെടുന്നതായി പിഎസി ചൂണ്ടിക്കാട്ടി.

ആധാറിന് അപേക്ഷിക്കുന്ന വേളയിൽ ശേഖരിക്കുന്ന മുഖത്തിന്റെ ദൃശ്യം ആധാർ ഡേറ്റാ ശേഖരത്തിന്റെ ഭാഗമാക്കും. പിന്നീട് ആധാർ ഉടമ, സർക്കാർ സേവനങ്ങൾക്കോ ആനുകൂല്യങ്ങൾക്കോ അപേക്ഷിക്കുമ്പോഴും മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് തിരിച്ചറിയൽരേഖയായി ആധാർ നൽകുമ്പോഴും വ്യക്തിയുടെ ആധികാരികത ഉറപ്പാക്കാൻ ആധാർ ഡേറ്റയിലെ വിവരങ്ങളുമായുള്ള സാദൃശ്യം ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിക്കും. ആധാർ ദുരുപയോഗം തടയാൻ ഇതുവഴി കഴിയും ഡൽഹി സെക്രട്ടേറിയറ്റിൽ ഈ സംവിധാനമുണ്ട്. ഡിജി ആപ്പ് വഴി മുഖം തിരിച്ചറിയൽ സംവിധാനം വിമാനത്താവളങ്ങളിലുണ്ട്.