ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും. ഭരണങ്ങാനം ക്ലാരമഠത്തില്‍ വേദനകളുടെ കിടക്കയില്‍നിന്ന് സ്വര്‍ഗീയ പറുദീസയിലേക്കു വിളിക്കപ്പെട്ട വിശുദ്ധയുടെ എഴുപത്തിയൊന്‍പതാം ചരമവാര്‍ഷികത്തിന് മുന്നോടിയായി നാളെമുതല്‍ കബറിട ദേവാലയം തീര്‍ഥാടകരാല്‍ നിറയും.
വിവിധ ദേശങ്ങളില്‍നിന്ന് നാനാജാതിമതസ്ഥരായ പതിനായിരങ്ങള്‍ അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന വിശുദ്ധയുടെ മാധ്യസ്ഥ്യം തേടി ഭരണങ്ങാനത്തെത്തും. രാവിലെ 11.15ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാളായ ജൂലൈ 28 വരെ കബറിട ദേവാലയത്തില്‍ രാപകല്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമുണ്ടാകും. തിരുനാൾ ദിനങ്ങളിൽ രാവിലെ 5.30 മുതല്‍ വൈകുന്നേരം ഏഴുവരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. വൈകുന്നേരം 6.15ന് ജപമാലപ്രദക്ഷിണമുണ്ടായിരിക്കും.
ക്രമീകരണങ്ങളൊരുക്കി തീര്‍ഥാടന കേന്ദ്രം
വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ഒരുക്കിയിട്ടുള്ളത്. ദൂരസ്ഥലങ്ങളില്‍നിന്നു വരുന്നവര്‍ക്ക് തീര്‍ഥാടന കേന്ദ്രത്തിന്റെ വിവിധ ബ്ലോക്കുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ തീര്‍ഥാടന കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. തീര്‍ഥാടകര്‍ക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കുന്നതിനായി 101 വോളണ്ടിയർമാർ പ്രവര്‍ത്തിക്കും. ട്രാഫിക് നിയന്ത്രണത്തിന് പോലീസിനോട് ചേര്‍ന്നും ഇവരുടെ സഹായമുണ്ടായിരിക്കും.
വിവിധ ഭാഷകളില്‍ വിശുദ്ധ കുര്‍ബാന
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നു ഭക്തജനങ്ങള്‍ എത്തിച്ചേരുന്നുണ്ട്. ഇവരുടെ സൗകര്യാര്‍ഥം വിവിധ ഭാഷകളില്‍ വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്. 20ന് ഉച്ചയ്ക്ക് ഒന്നിന് ഫാ. ബാബു കാക്കാനിയില്‍ ഹിന്ദിയിലും 2.30ന് ഫാ. ജോര്‍ജ് ചീരാംകുഴിയില്‍ ഇംഗ്ലീഷിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 27ന് ഉച്ചകഴിഞ്ഞ് 3.30ന് ഫാ. കെവിന് മുണ്ടക്കല്‍ ഇംഗ്ലീഷിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 26 രാവിലെ 8.30ന് ഫാ. ജിനോയ് തൊട്ടിയില്‍ തമിഴ് ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ശ്രവണ പരിമിതര്‍ക്കുവേണ്ടി ഫാ. ബിജു മൂലക്കര വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
കബറിട ദേവാലയം 24 മണിക്കൂറും തുറന്നിടും
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷമായതിനാല്‍ തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിടും. ഭക്തജനങ്ങള്‍ക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു സമയത്തും കബറിട ദേവാലയത്തിലെത്തി പ്രാര്‍ഥിക്കുന്നതിനും നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ട്.
പ്രഥമശുശ്രൂഷാ സൗകര്യം
പ്രഥമശുശ്രൂഷ നല്‍കുന്നതിനായി പാലാ ഫയര്‍ഫോഴ്സ് ഓഫീസർമാർ പരിശീലനം നല്കിയ 30 അംഗ ടീം സജ്ജമായിരിക്കും. കൂടാതെ നാല് ആംബുലന്‍സുകളും തയാറായി നില്ക്കും. പാലാ മെഡിസിറ്റി, ഭരണങ്ങാനം മേരിഗിരി, ഉള്ളനാട് ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ടീം തിരുനാള്‍ ദിവസങ്ങളില്‍ ക്യാമ്പ് ചെയ്യും.
ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ.അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, വൈസ് റെക്ടര്‍മാരായ ഫാ.ജോസഫ് അമ്പാട്ട്, ഫാ.ആന്റണി തോണക്കര എന്നിവര്‍ അറിയിച്ചു.
പാര്‍ക്കിംഗ് ക്രമീകരണം
തീര്‍ഥാടകര്‍ക്ക് വാഹനങ്ങള്‍ സുരക്ഷിതമായും സൗകര്യപ്രദമായും പാര്‍ക്കു ചെയ്യുന്നതിന് എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫൊറോനപള്ളിയുടെ പാരിഷ് ഹാളിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലും തീര്‍ഥാടനകേന്ദ്രത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും കാന്റീനിന്റെ മുന്‍ഭാഗത്തും ഗേള്‍സ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. കൂടാതെ അരുവിത്തുറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് വട്ടോളിക്കടവ് പാലത്തിന്റെ ഭാഗത്തും പാര്‍ക്ക് ചെയ്യാം. സ്പിരിച്വാലിറ്റി സെന്ററിന്റെ മുന്‍വശത്തും കോട്ടവഴിയുടെ വശങ്ങളിലും പാര്‍ക്കിംഗ് സൗകര്യമുണ്ട്.
