പരസ്യത്തില്‍ അവകാശപ്പെട്ട ഗുണനിലവാരം ഇല്ലാത്ത സാരി നല്‍കിയ സ്ഥാപനത്തിന് പിഴ

കോട്ടയം: പരസ്യത്തില്‍ അവകാശപ്പെട്ട ഗുണ നിലവാരമില്ലാത്ത സാരി നല്‍കിയ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇഹ ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനോട് സാരിയുടെ വില പലിശസഹിതം തിരിച്ച് നല്‍കാനും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനും ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍.
കോട്ടയം കൊച്ചുപറമ്പ് വീട്ടില്‍ ജിന്‍സി പ്രദീപിന്റെ പരാതിയിലാണ് നടപടി. 2024 ഓഗസ്റ്റ് 26-ന് സോഷ്യല്‍ മീഡിയയിലെ പരസ്യ വീഡിയോ കണ്ട് സ്ഥാപനത്തില്‍ നിന്ന് കൊറിയര്‍ ചാര്‍ജ് 100 രൂപ ഉള്‍പ്പെടെ 2,600 രൂപ നല്‍കി രണ്ട് സാരികള്‍ ജിന്‍സി ഓര്‍ഡര്‍ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനുള്ളില്‍ സാരികള്‍ ലഭിക്കാതിരുന്നതിനേത്തുടര്‍ന്ന് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് തുക റീഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ 42 ദിവസങ്ങള്‍ക്കുശേഷം 2024 ഒക്ടോബര്‍ ഏഴിന് ഒരു സാരിയും ഒക്ടോബര്‍ എട്ടിന് രണ്ടാമത്തെ സാരിയും ലഭിച്ചു. എന്നാല്‍ വീഡിയോയില്‍ കാണിച്ച സാരികളില്‍നിന്ന് വ്യത്യസ്തമായ നിറവും ഗുണനിലവാരം കുറഞ്ഞതുമായ സാരികള്‍ ലഭിച്ചതിനാല്‍ സ്ഥാപനത്തെ അറിയിച്ചു. ഉടന്‍തന്നെ പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നടപടിയെടുക്കാതെ വന്നതോടെ ജിന്‍സി കോട്ടയം ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. കമ്മീഷനില്‍നിന്ന് നല്‍കിയ നോട്ടീസ് കൈപ്പറ്റിയ ഇഹ ഡിസൈന്‍സ് ഹാജരാകുകയോ വേര്‍ഷന്‍ ഫയല്‍ ചെയ്യുകയോ ചെയ്തില്ല. വിശദമായ പരിശോധനയില്‍ സ്ഥാപനം സേവനത്തില്‍ ന്യൂനത വരുത്തിയതായി കണ്ടെത്തി. പരാതിക്കാരിക്ക് സാരിയുടെ വിലയായ 5,200 രൂപയും 2024 ഒക്ടോബര്‍ എട്ട് മുതല്‍ ഒന്‍പത് ശതമാനം പലിശ സഹിതം നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍.ബിന്ദു, കെ.എം. ആന്റോ അംഗങ്ങളായുമുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചത്. മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്ക് 2,000 രൂപയും നല്‍കണം.

9 thoughts on “പരസ്യത്തില്‍ അവകാശപ്പെട്ട ഗുണനിലവാരം ഇല്ലാത്ത സാരി നല്‍കിയ സ്ഥാപനത്തിന് പിഴ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!