നിപ: പാലക്കാട് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

പാലക്കാട് : പാലക്കാട്ട് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ തമിഴ്നാട് സർക്കാർ പരിശോധന ശക്തമാക്കി. വൈറസ് ബാധ അതിർത്തി നഗരമായ കോയമ്പത്തൂരിനെ ബാധിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയതോടെയാണ് ആനക്കട്ടി മുതൽ ചെമ്മണാമ്പതി വരെ പ്രധാന 11 ചെക്പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കിയത്. കോയമ്പത്തൂർ ജില്ല അതിർത്തിയിൽ പി.പി.ഇ കിറ്റ് ധരിച്ചുള്ള പരിശോധന തുടങ്ങി. ബസുകൾ, ട്രക്കുകൾ, കേരളത്തിൽ നിന്നുള്ള മറ്റു വാഹനങ്ങൾ എന്നിവ കർശന പരിശോധനക്കു ശേഷമാണ് തമിഴ്‌നാട്ടിലേക്ക് വിടുന്നത്.കേരളത്തിൽ നിന്ന് വരുന്നവർ മാസ്ക് ധരിക്കാൻ നിർദേശം നൽകുന്നുണ്ട്. വാളയാർ ചെക്പോസ്റ്റ് വഴി യാത്ര ചെയ്യുന്നവരുടെ താപനില പരിശോധിക്കുന്നുണ്ടെന്ന് മധുക്കരൈ സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ രാജ്കുമാർ പറഞ്ഞു. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയും ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെയും രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെയും മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന.

ആർക്കെങ്കിലും പനി ഉണ്ടെന്ന് കണ്ടെത്തിയാൽ ആശുപത്രിയിൽ ചികിത്സ നൽകാനും പേരും ഫോൺ നമ്പറും വിലാസവും നേടാനും നിർദേശമുണ്ട്. കടുത്ത പനി ബാധിച്ചവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം ഭാഗത്ത് പ്രത്യേക സംഘം നിലയുറപ്പിച്ചിട്ടുണ്ട്. മൊബൈൽ സംഘങ്ങൾ ചെക്പോസ്റ്റ് ഇല്ലാത്ത ചെറുവഴികളിലും നിരീക്ഷണം ശക്തമാക്കിയതായി കോയമ്പത്തൂർ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 723 പേരാണ്. ഇതില്‍ 51 പേരാണ് പുതുതായി നിപ സംശയിക്കുന്നയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട് -394, മലപ്പുറം -212, കോഴിക്കോട് -114, എറണാകുളം -രണ്ട്, തൃശൂർ -ഒന്ന് എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!