കാട്ടുപന്നി ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം: ഇന്‍ഫാം

പാറത്തോട് (കാഞ്ഞിരപ്പള്ളി): ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയമായ മറ്റ് മാര്‍ഗങ്ങളിലൂടെയോ തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവാദിത്വം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പഞ്ചായത്തു ഭരണസമിതികള്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യവാസ മേഖലയിലെ ആളുകളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുവേണ്ടി ലൈസന്‍സുള്ള ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ കേരള ഗവണ്‍മെന്റിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്്‌മെന്റിന്റെ G.O.(Rt)No.108/2025/DMD ഉത്തരവു പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും വനംമന്ത്രിയും ഇക്കാര്യത്തില്‍ കര്‍ഷക അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടും നടപടികള്‍ കൈക്കൊള്ളാത്ത പഞ്ചായത്തുകള്‍ അക്ഷന്തവ്യമായ കൃത്യവിലോപമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ഈ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാന്‍ പല തദ്ദേശ സ്ഥാപനങ്ങളും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് വനംവകുപ്പ് മന്ത്രി പോലും പരിതപിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാട്ടുപന്നികള്‍ മൂലമുള്ള അപകടങ്ങളും കൃഷിനാശവും തുടര്‍ച്ചയായി സംഭവിക്കുകയാണ്. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരേ കക്ഷി രാഷ്ട്രീയ ഭേദമെന്യേ അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നിലപാടെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നാളുകള്‍ പഞ്ചായത്തുകളുടെ നിലപാടുകളും നടപടികളും പഠിക്കുന്നതിനും പരസ്യമാക്കുന്നതിനും അത് പൊതുജന സമൂഹ മധ്യേ എത്തിക്കുന്നതിനും ഇന്‍ഫാം പഞ്ചായത്തുകള്‍ തോറും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് നിരീക്ഷണം നടത്തും. ഇപ്രകാരം നിരീക്ഷണം നടത്തുന്നതിനുവേണ്ടി ഇന്‍ഫാം കാര്‍ഷിക താലൂക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഗ്രാമസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ചേര്‍ത്ത് താലൂക്ക് അടിസ്ഥാനത്തില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കും. താലൂക്ക് ഡയറക്ടര്‍മാര്‍ പ്രസ്തുത സമിതികളുടെ രക്ഷാധികാരികളും ഓരോ താലൂക്കില്‍ നിന്നുള്ള ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അധ്യക്ഷന്മാരുമായിരിക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കേരള സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ജോയിന്റ് സെക്രട്ടറി ബോബന്‍ ഈഴക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ…
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് യോഗം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!