വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ആറന്മുള: കുചേലവൃത്തം വഞ്ചിപ്പാട്ട് പകര്‍ന്ന ഭക്തി സാന്ദ്രമായ മുഹൂര്‍ത്തത്തില്‍, ഭഗവാന്‍ പാര്‍ത്ഥസാരത്ഥിക്ക് ഇലയിട്ട് വിഭവങ്ങള്‍ വിളമ്പിയതോടെ ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്‌ക്ക് തുടക്കമായി.

ശീവേലിക്ക് ശേഷം രാവിലെ 11.30ന് ക്ഷേത്രത്തിന് കിഴക്കേ നടയിലെ ആനക്കൊട്ടിലില്‍ തയ്യാറാക്കിയ പീഠത്തിലാണ് വള്ള സദ്യയ്‌ക്ക് മുന്നോടിയായി ഭഗവാന് അമൃതേത്തിന് ഇലയൊരുക്കിയത്. മന്ത്രി കെ.ബി. ഗണേഷ് കുമാറും ജനപ്രതിനിധികളും പള്ളിയോട സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് പാരമ്പര്യ വിധി പ്രകാരം തൂശനിലയില്‍ സദ്യ വിളമ്പിയതോടെ വിവിധ കരകളില്‍ നിന്നെത്തിയ പള്ളിയോടങ്ങളിലെ തുഴച്ചില്‍ക്കാരും അഷ്ടമംഗല്യാദി സ്വീകരണം ഏറ്റുവാങ്ങി വള്ളപ്പാട്ടേറ്റു പാടി ആനക്കൊട്ടിലിലെത്തി. കൊടിമരച്ചുവട്ടില്‍ ഓരോ പള്ളിയോടത്തിനുമായി ഒരുക്കിയ നിറപറയ്‌ക്ക് മുന്നില്‍ അണിനിരന്ന് തിരുവാറന്മുളയപ്പനെ പ്രകീര്‍ത്തിച്ച് വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ചശേഷം വള്ള സദ്യയുണ്ട് നിര്‍വൃതി നേടി.

ആദ്യദിനം ഏഴ് പള്ളിയോടങ്ങളാണ് വള്ളസദ്യയില്‍ പങ്കെടുത്തത്. കോഴഞ്ചേരി പള്ളിയോടമാണ് ആദ്യം എത്തിയത്. വള്ള സദ്യയുടെ ഒരുക്കങ്ങള്‍ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. രാവിലെ 11.15ന് ആനക്കൊട്ടിലില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ ഭദ്രദീപം തെളിയിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വള്ളസദ്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശന യാത്രയുടെ ഭാഗമായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടത്തുന്ന വള്ളസദ്യയും ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, ബിജെപി നേതാവും അഞ്ചമ്പല ക്ഷേത്ര ദര്‍ശന സമിതി പ്രസിഡന്റുമായ ബി. രാധാകൃഷ്ണ മേനോന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, ബി. കൃഷ്ണകുമാര്‍, മുന്‍ എംഎല്‍എമാരായ രാജു എബ്രഹാം, മാലേത്ത് സരളാദേവി, എ. പത്മകുമാര്‍, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി. മുരളീധരന്‍ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.കെ. ഈശ്വരന്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ആര്‍. രേവതി തുടങ്ങിയവര്‍ പങ്കെടുത്തു.

ക്ഷേത്രത്തിന്റെ 52 കരകളിലെ പള്ളിയോടങ്ങള്‍ക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബര്‍ രണ്ടു വരെ നീളും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിയോടങ്ങള്‍ക്ക് സംരക്ഷണം നല്‍കി ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്‌കൂബ ടീം പമ്പാ നദിയില്‍ സജ്ജമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!