എരുമേലി :എരുമേലിയിലെ വാപുര ക്ഷേത്ര നിർമാണത്തിന് വീണ്ടും തുടക്കം… വായ്പ അടയ്ക്കാതെ ജപ്തിയിലായ ഭൂമി ലേലത്തിലൂടെ ബാങ്കിൽ നിന്ന് വാങ്ങി പാർക്കിംഗ് ഗ്രൗണ്ടാക്കി നഷ്ടമായതിനൊടുവിൽ കേരളത്തിലെ ആദ്യ വാപുര ക്ഷേത്രമായി മാറുന്നു.എരുമേലിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ പ്രതീക്ഷിക്കാം.
ഇന്നലെ ഭൂമി പൂജ, സങ്കൽപ്പ പൂജ, ശിലാ പൂജ എന്നിവ നടന്നു. കഴിഞ്ഞ ഏപ്രിൽ 6,7 തീയതികളിൽ അഷ്‌ട മംഗല്യ ദേവ പ്രശ്ന ചടങ്ങുകൾ നടത്തുകയും തുടർന്ന് ബാലാലയ പ്രതിഷ്ഠ നടത്തിയ ശേഷം ഹൈക്കോടതി ദേവസ്വം ബഞ്ച് നിർമാണം തടഞ്ഞ് ഇടക്കാല വിധി നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷ്ഠ നടത്തി നിർമിച്ച മുറി ഇടിച്ചു പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വാപുര പ്രതിഷ്ഠ നടത്താനിരിക്ക ആണ് അന്ന് പുലർച്ചെ കെട്ടിടം പൊളിച്ച നീക്കപ്പെട്ടത്. തുടർന്ന് കേസിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വിധി നൽകിയ ദേവസ്വം ബഞ്ച് സ്വകാര്യ വ്യക്തിയ്ക്ക് സ്വന്തം സ്ഥലത്ത് പൂജകൾ നടത്തുന്നതിന് തടസം ഇല്ലന്ന് അറിയിച്ച് കേസ് തീർപ്പാക്കി. ഇതോടെ ആണ് ഇന്നലെ സ്ഥലത്ത് ക്ഷേത്ര നിർമാണത്തിന് വീണ്ടും തുടക്കമായി ഭൂമി പൂജ, സങ്കൽപ്പ പൂജ, ശിലാ പൂജ എന്നിവ നടന്നത്.
സ്വകാര്യ വ്യക്തികൾ ബാങ്കിൽ നിന്ന് ലേലത്തിലൂടെ വാങ്ങിയ സ്ഥലത്ത് ആദ്യം കച്ചവട ഭാഗമായി പാർക്കിംഗ് ഗ്രൗണ്ട് ആക്കുകയും ഇത് നഷ്ടത്തിലായതോടെ പിന്നീട് വാപുര ക്ഷേത്രം നിർമാണത്തിലേക്ക് മാറുകയുമായിരുന്നു. കേരളത്തിലെങ്ങും വാപുര ക്ഷേത്രം ഇല്ലാതിരിക്കെ എരുമേലിയിൽ സ്വകാര്യ വ്യക്തികൾ ചേർന്ന് വാപുര ക്ഷേത്രം നിർമിക്കുന്നത് ശബരിമല തീർത്ഥാടനത്തെയും എരുമേലിയുടെ മതമൈത്രിയെയും പ്രതികൂലമായി ബാധിക്കുമോയെന്ന് അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസ് എസ് പി യോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശിച്ചതോടെ ആണ് വിവാദങ്ങൾ ഉയർന്നത്. കഴിഞ്ഞ മാസം 24 ന് ഇത് സംബന്ധിച്ച് വിജിലൻസ് എസ് പി റിപ്പോർട്ട് നൽകി. ശബരിമല തീർത്ഥാടനത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേതുടർന്ന് ക്ഷേത്ര നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ 26 ന് കോട്ടയം ജില്ലാ കളക്ടർക്ക് ദേവസ്വം ബോർഡ് സെക്രട്ടറി പരാതി നൽകിയിരുന്നു. ഈ പരാതിയും ദേവസ്വം വിജിലൻസ് എസ് പി യുടെ റിപ്പോർട്ടും തെളിവായി സമർപ്പിച്ച് ക്ഷേത്രം നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് വടക്കൻ പറവൂർ സ്വദേശി പത്മനാഭൻ ആണ് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൽ ഹർജി നൽകിയത്.
ക്ഷേത്രം നിർമാണത്തിന് കെട്ടിട നിർമാണ ചട്ട പ്രകാരം അനുമതി തേടിയിട്ടില്ലന്ന് എരുമേലി പഞ്ചായത്തും ക്ഷേത്ര നിർമാണവുമായി ബന്ധമില്ലന്ന് വിശ്വ ഹിന്ദു പരിഷത്തും കോടതിയിൽ അറിയിച്ചതോടെ നിർമാണം നിർത്തി വെക്കാനും ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പോലിസ് നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്നാണ് ബാലാലയ പ്രതിഷ്ഠ ഉൾപ്പടെ പൊളിച്ചു നീക്കിയതായി കണ്ടത്. കേസ് അന്തിമ തീർപ്പിനായി പരിഗണിച്ച കോടതിയോട്
ക്ഷേത്ര നിർമാണം നിയമപരമായി എടുക്കേണ്ട എല്ലാ അനുമതികളും ലഭിച്ചിട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവിടെ ചില പൂജകൾ മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ എന്നും അറിയിച്ചതോടെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി വസ്തുവിൽ പൂജ നടത്താൻ അനുവദിക്കില്ല എന്ന് വസ്തു ഉടമസ്ഥനെ എരുമേലി പോലിസ് അറിയിച്ചു. ഇതോടെ വീണ്ടും വിഷയം കോടതി കയറി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബഞ്ച് സാധാരണ ഒരു പൗരൻ നിയമം പാലിച്ചു സ്വന്തം വസ്തുവിൽ പൂജ നടത്തുമ്പോൾ പോലീസ് ഇടപെടേണ്ട കാര്യമില്ലെന്നും ക്രമസമാധാന പരിപാലനം ചെയ്താൽ മതിയെന്നും വ്യക്തമാക്കി. ഇതോടെ ആണ് ഇന്നലെ പ്രദേശം ശുദ്ധീകരിച്ച് പൂജകൾ നടന്നത്. വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര നിർമാണവുമായി ബന്ധമില്ലെന്ന് ആയിരുന്നു വി എച്ച്പി അടക്കമുള്ള ഹിന്ദു സംഘടനകൾ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ നടന്ന പൂജകളിൽ ആർഎസ്എസിന്റെയും വിഎച്ച്പി യുടെയും നേതാക്കൾ പങ്കെടുത്തു. ഇന്നലെ നടന്ന പൂജകൾക്ക് പിന്നാലെ പ്രതിഷ്ഠാ ചടങ്ങുകളും തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം.
