എരുമേലി: എൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഇന്റർ ഗ്രൂപ്പ് സ്പോർട്സ് ഷൂട്ടിംഗ് കോമ്പറ്റീഷൻ ക്യാമ്പിനും കംമ്പയിൻഡ് ആനുവൽ ട്രെയിനിംഗ് ക്യാമ്പിനും എരുമേലി എംഇഎസ് കോളജിൽ തുടക്കമായി.
എൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെയും കോട്ടയം ഗ്രൂപ്പിന്റെയും 16 കേരള ബറ്റാലിയൻ കോട്ടയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് ദിവസമാണ് ക്യാമ്പ്. ഉദ്ഘാടനം 16 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസറും ക്യാമ്പ് കമാൻഡന്റുമായ കേണൽ പി. ശ്രീനിവാസൻ നിർവഹിച്ചു.
കേരള ലക്ഷദ്വീപ് ഡയറക്ടറിന്റെ കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം കോഴിക്കോട് എന്നീ അഞ്ചു ഗ്രൂപ്പുകളിൽ നിന്നുള്ള നൂറോളം കേഡറ്റുകളാണ് ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഫയറിംഗ് കോമ്പറ്റീഷനിൽ മത്സരിക്കുന്നത്. ഇതോടൊപ്പം 16 കേരള ബറ്റാലിയനിലെ 35 വിവിധ സ്ഥാപനങ്ങളിലെ 300ഓളം കേഡറ്റുകളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഫയറിംഗ് കോമ്പറ്റീഷനിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 16 കേഡറ്റുകൾ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഇന്റർ ഡയറക്ടറേറ്റ് ഷൂട്ടിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.
മികച്ച യുവ പൗരന്മാരെ വാർത്തെടുക്കുന്നതിനും രാജ്യസേവനത്തിന് അവരെ പ്രാപ്തരാക്കുന്നതിനുമാണ് ക്യാമ്പ്. കേഡറ്റുകൾക്ക് സൈനിക ചരിത്രം, റൈഫിൾ ഉപയോഗിച്ചുള്ള ആയുധ പരിശീലനം, ട്രാഫിക് നിയമങ്ങൾ, പൗരന്റെ ഉത്തരവാദിത്വങ്ങൾ, മാപ്പ് റീഡിംഗ്, ഡിസാസ്റ്റർ മാനേജ്മെന്റ്, വ്യക്തിത്വ വികസനം, ആരോഗ്യം, സ്വയം പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ പരിശീലനം നൽകും. ശാരീരികക്ഷമത, അച്ചടക്കം, നേതൃത്വഗുണങ്ങൾ, ടീം വർക്ക്, രാജ്യസ്നേഹം എന്നിവ വളർത്തുന്നതിന് ഈ പരിശീലനം സഹായകമാകും. ക്യാമ്പ് 10ന് സമാപിക്കും
