ന്യൂഡൽഹി : പൊതുസേവന, സാന്പത്തിക മേഖലയിൽ ചില പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പാൻ കാർഡ്അപേക്ഷിക്കുന്നതിന് ഇന്നുമുതൽ ആധാർകാർഡ് നിർബന്ധമാകും. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ ഐഡന്റിറ്റി വെരിഫിക്കേഷൻ നടപടി ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ മാറ്റമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (സിബിഡിടി) വിശദീകരണം.ഇന്ത്യൻ റെയിൽവേയുടെ മൊബൈൽ ആപ്ലിക്കേഷനോ വെബ്സൈറ്റോ ആയി ആധാർ നന്പറോ അല്ലെങ്കിൽ പാൻ കാർഡ് നന്പറോ ബന്ധിപ്പിച്ചാൽ മാത്രമേ ഇനിമുതൽ ഓണ്‍ലൈനായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ.ആധാർ അല്ലെങ്കിൽ പാൻകാർഡ് നന്പറുമായി ലിങ്ക് ചെയ്യാത്തവർ റിസർവേഷൻ കൗണ്ടറുകളിൽ നേരിട്ടെത്തി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഇതോടൊപ്പം ജൂലൈ 15 മുതൽ ഓണ്‍ലൈനായും അല്ലാതെയുമുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഒടിപി അടിസ്ഥാനത്തിലുള്ള ആധാർ നന്പർ സ്ഥിരീകരണ സംവിധാനവും ഏർപ്പെടുത്തും. റിസർവേഷൻ കൗണ്ടറുകളിലും ഇതു ബാധകമാണ്. റെയിൽവേ നിരക്കിലും നേരിയ മാറ്റം ഉണ്ടാകും.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കുള്ള നയങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്നുമുതൽ ഇവ പ്രാബല്യത്തിൽ വരും. ജിഎസ്ടി, ഇഎംഐ, ക്രെഡിറ്റ് കാർഡ് ചാർജ് തുടങ്ങിയ കാര്യങ്ങളിലായിരിക്കും മാറ്റങ്ങൾ വരുത്തുക.
