തിരുവനന്തപുരം : 28 ജൂണ്‍ 2025
മൻ കീ ബാത്ത് രാജ്യത്തെ അടിസ്ഥാന വർഗ ജനവിഭാഗങ്ങളുടേയും യുവാക്കളുടേയും ശബ്ദമെന്ന് കേന്ദ്ര വിദേശകാര്യ, ടെക്സ്റ്റെൽസ് വകുപ്പ് സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത്തിനെ വികസിത രാഷ്ട്ര നിർമ്മാണത്തിനുള്ള വേദിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് സംഘടിപ്പിച്ച ജില്ലാതല മൻ കി ബാത്ത് ടാലന്റ് ഹണ്ട് സീസൺ 5 ന്റെ ഉദ്ഘാടനം, തിരുവനന്തപുരം നീറമൺകര, മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി & സൈനിക് സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സംസ്കാരം, കല, ചരിത്രം എന്നിവയുടെ സത്ത മനസിലാക്കാനും സ്വയം ആശയ പ്രകാശനം നടത്താനും മൻ കീ ബാത്ത് യുവമനസ്സുകൾക്ക് പ്രചോദനം നൽകിയെന്നു പറഞ്ഞ അദ്ദേഹം, “ലോകം മുഴുവൻ നമ്മുടെ യുവജനങ്ങളെ പ്രതീക്ഷയോടെയാണ് നോക്കുന്നത്” എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി. ഭാഷ, സംസ്കാരം, ജീവിതരീതി എന്നിവയിലെ വൈവിധ്യങ്ങൾ നിലനിൽക്കുമ്പോൾ പോലും നമുക്കുള്ളിലെ സമത്വഭാവമാണ് രാജ്യത്തിന്റെ കരുത്ത്. തന്റെ സ്വന്തം സംസ്ഥാനമായ അസമിലേയും കേരളത്തിലേയും സമാനതകൾ പങ്കുവെച്ച അദ്ദേഹം “വസുധൈവ കുടുംബകം – രാഷ്ട്രം ആദ്യം എന്നീ മുദ്രാവാക്യങ്ങളാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും സാംസ്കാരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങളിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും മൻ കി ബാത്ത് ടാലന്റ് ഹണ്ടിനുള്ള പ്രാധാന്യം അദ്ദേഹം എടുത്തു കാട്ടി. വികസിത ഭാരതവും വികസിത കേരളവും കെട്ടിപ്പടുക്കുന്നതിൽ ഇത് മുഖ്യ പങ്കു വഹിക്കുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ കേന്ദ്രമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.
ഓരോ വിഭാഗത്തിൽ നിന്നും പ്രാഥമിക തല മത്സരങ്ങളിൽ വിജയികളായ രണ്ട് കുട്ടികൾക്ക് ഓരോ വിദ്യാലയത്തിൽ നിന്നും ജൂലൈ 5, 6 തീയതികളിൽ നടക്കുന്ന താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാം. ജില്ലയിൽ നിന്നും ഫൈനൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 36 കുട്ടികൾക്ക് ഓഗസ്റ്റിൽ ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും കേന്ദ്രമന്ത്രിമാരുമായി സംവദിക്കുന്നതിനും അവസരം ലഭിക്കും.
മുൻ കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ശ്രീമതി വി. പാർവതി ഐഐഎസ് മുഖ്യപ്രഭാഷണം നടത്തി. മന്നം മെമ്മോറിയൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ആർ ശ്രീകുമാരി ആശംസ അർപ്പിച്ചു. മേരാ യുവ ഭാരത് കേരള സംസ്ഥാന ഡയറക്ടർ ശ്രീ അനിൽ കുമാർ എം സ്വാഗതവും, ജില്ലാ കോ-ഓഡിനേറ്റർ ശ്രീ. പള്ളിപ്പുറം ജയകുമാർ നന്ദിയും പറഞ്ഞു.