വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി നദികളിലെയും പുഴകളിലെയും മണ്ണും മണലും ചെളിയും വാരിമാറ്റുന്നതിനുള്ള പ്രായോഗികമാർഗങ്ങൾ തേടണമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ

കോട്ടയം: മണിമല സബ്‌സ്‌റ്റേഷൻ വഴിയുള്ള വൈദ്യുതി വിതരണത്തിലെ പരാതികൾ ഏറുകയാണെന്നും ശാശ്വതമായ പരിഹാരനടപടി വേണമെന്നും സർക്കാർചീഫ് വിപ് ഡോ. എൻ. ജയരാജ് ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എരുമേലി- മണിമല വഴി പുതിയ ലൈൻ വലിക്കുന്നതിനുളള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ യോഗത്തിൽ അറിയിച്ചു. പത്തനാട്-കുളത്തൂർമുഴി റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ടെന്നും ഗർത്തങ്ങൾ മൂടാൻ അടിയന്തര നടപടിയെടുക്കണമെന്നും ചീഫ് വിപ് യോഗത്തിൽ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി നദികളിലെയും പുഴകളിലെയും മണ്ണും മണലും ചെളിയും വാരിമാറ്റുന്നതിനുള്ള പ്രായോഗികമാർഗങ്ങൾ തേടണമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു. പലതവണ ടെൻഡർ വിളിച്ചെങ്കിലും ലാഭകരമല്ലാത്തതിനാൽ ആരും കരാർ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നും ദുരന്തനിവാരണ നിയമത്തിൽ ഉൾപ്പെടുത്തി സാധ്യമായ പരിഹാരങ്ങൾ തേടാൻ നടപടിയുണ്ടാകണമെന്നും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. എരുമേലി തെക്ക് വില്ലേജ് ഓഫീസ് തുറക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
 ചെമ്മനത്തുകര ഐ.എച്ച്.ഡി.പി. കോളനിയിൽ പട്ടയം കിട്ടാൻ അവശേഷിക്കുന്നവർക്കു പട്ടയം ലഭ്യമാകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു സി.കെ. ആശ എം.എൽ.എ. ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, എ.ഡി.എം: എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി ടി.വി. സോണി, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!