ആലക്കോട് : തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയിയുടേത് ആണ് ചരിത്ര വിധി. ശിക്ഷാ വിധി വന്നിട്ട് രണ്ട് ആഴ്ച്ച കഴിഞ്ഞു എങ്കിലും ഇപ്പോഴാണ് വിധിയുടെ പ്രാധാന്യം നിയമ വിദഗ്ദർക്ക് ഇടയിൽ ചർച്ച ആയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി മദ്രസ അധ്യാപകൻ കണ്ണൂര്‍ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിയ്ക്ക് 187 വര്‍ഷം തടവ് വിധിച്ചത്.
കോടതി മുഹമ്മദ് റാഫിയ്ക്ക് ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷാണ് ശിക്ഷ വിധിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതിയെ പോക്‌സോ കേസില്‍ കോടതി ശിക്ഷിക്കുന്നത്. നേരത്തെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് മുഹമ്മദ് റാഫി.
ആദ്യ പോക്‌സോ കേസില്‍ പ്രതിയ്ക്ക് 26 വര്‍ഷം ആയിരുന്നു കോടതി വിധിച്ച തടവ് ശിക്ഷ. ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. 2018ല്‍ ആയിരുന്നു ആദ്യ പോക്‌സോ കേസില്‍ പ്രതി പിടിയിലായത്. തുടര്‍ന്ന് ജാമ്യം നേടിയ ഇയാള്‍ 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 16കാരിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതി സ്വര്‍ണ മോതിരം കാട്ടി വശീകരിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവിഡ് കാലത്ത് പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും താൻ നടത്തിയത് ഇസ്ലാമിക വിധിപ്രകാരം ശരിയാണെന്നും പ്രതി ഇരയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് മദ്രസ അധ്യാപനവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്നത്. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
