മുക്കൂട്ടുതറ: ടൗണിന് സമീപത്തെ തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണശ്രമം. തിങ്കളാഴ്ച രാത്രി 11.30 ഓടെ ക്ഷേത്രത്തിൽ കടന്ന മോഷ്ടാവ് പുലർച്ചെ ഒന്നരെ വരെ മോഷണം നടത്താൻ ശ്രമിച്ചു. നേർച്ചക്കുറ്റികൾ കുത്തിതുറന്ന് എടുക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിന് ഒടുവിൽ ക്ഷേത്രത്തിന്റെ മുന്നിൽ ഇളക്കി എടുക്കാവുന്ന കാണിക്കവഞ്ചി എടുത്തു സ്ഥലം വിട്ട മോഷ്ടാവ് അതിൽ കാര്യമായ തുക ഇല്ലെന്ന് അറിഞ്ഞതോടെ ക്ഷേത്രത്തിന് സമീപത്തെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചു. സംഭവം സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ ഇന്നലെ എരുമേലി പോലിസ് സ്റ്റേഷനിൽ പരാതി നൽകി.
ക്ഷേത്രത്തിൽ ഒരു വർഷമായി സിസി കാമറകൾ പ്രവർത്തിക്കുന്നുണ്ട്. കാമറകളിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ പോലീസിന് കൈമാറി. മോഷണ ശ്രമം ഉണ്ടായ ദിവസം പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തുറന്ന് സംഭാവന തുകകൾ ഭാരവാഹികൾ ക്ഷേത്രം വക അക്കൗണ്ടിലേക്ക് എടുത്തതിനാൽ മോഷ്ടാവിന് കാര്യമായ പണാപഹരണം നടത്താൻ കഴിഞ്ഞില്ലന്ന് കരുതുന്നു.
ഇന്നലെ ക്ഷേത്ര ഭാരവാഹികൾ നടത്തിയ തെരച്ചിലിലാണ് കാണിക്കവഞ്ചി ഇളക്കി എടുത്തതായും സമീപത്തെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയത്. മോഷ്ടാവ് കൈകളിൽ ഗ്ലൗസ് ധരിച്ചതായി സിസി കാമറകളിൽ കാണാം. റെയിൻ കോട്ടും പുറകിൽ ബാഗും ധരിച്ച നിലയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ.
