അഭിഭാഷകയെ തല്ലിച്ചതച്ച ബെയ്‌ലിൻ പിടിയിൽ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ മുഖം അടിച്ചുതകർത്ത സീനിയർ അഭിഭാഷകൻ പൂന്തുറ ആലുകാട് ദാസ് ഭവനിൽ ബെയ്ലിൻ ദാസ് (47) അറസ്റ്റിലായി.

വെട്ടിച്ച് കാറിൽ കറങ്ങിനടന്ന ഇയാളെ ഇന്നലെ വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷൻകടവിൽ വച്ചാണ് ശംഖുംമുഖം അസി.കമ്മിഷണറുടെ ഡാൻസാഫ് സംഘം പിടികൂടിയത്.

ആൾസെയിന്റ്സ് ജംഗ്‌ഷനിൽ നിന്ന് ആൾട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. പിന്തുടർന്നെങ്കിലും കാണാൻ കഴിഞ്ഞില്ല . അൽപനേരം കഴിഞ്ഞപ്പോൾ പള്ളിത്തുറയിൽ നിന്നും തിരികെ വരുന്നതിനിടെയാണ് സ്റ്റേഷൻകടവിൽ വച്ച് സുഹൃത്തിനൊപ്പം പിടിയിലായത്. മർദ്ദനം നടന്ന് മൂന്നാംദിവസമാണ് ഇയാൾ അകത്താകുന്നത്.

ബെയ്ലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കാനിരിക്കുകയാണ്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറി. കാറും കസ്റ്റഡിയിലെടുത്തു. ഡെപ്യൂട്ടികമ്മിഷണർ അടക്കം വഞ്ചിയൂർ സ്റ്റേഷനിലെത്തി ചോദ്യംചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.

ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ശ്യാമിലിയെ (26) ഓഫീസിൽ വച്ച് ബെയ്ലിൻ ദാസ് മർദ്ദിച്ചത്. പ്രതിയെ പിടികൂടാൻ പൊലീസെത്തിയപ്പോൾ ബാർ അസോസിയേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചതിനെത്തുടർന്ന് മടങ്ങി. പിന്നീട് പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. മുൻകൂർ ജാമ്യാപേക്ഷയുള്ളതിനാൽ പിടികൂടാൻ പൊലീസ് കാര്യമായ ശ്രമം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രതിയുടെ ഭാര്യയെ ഇന്നലെ ചോദ്യം ചെയ്യാൻ വഞ്ചിയൂർ പൊലീസ് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. എന്നാൽ സഹോദരനെ വിളിച്ച് ചോദ്യം ചെയ്തു. ഇയാൾക്ക് കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ അന്വേഷണത്തിൽ ഇയാൾക്ക് ഓൾട്ടോ കാറുണ്ടെന്ന് മനസിലാക്കി. ഈ നമ്പർ വച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എല്ലാം കോടതിയിൽ പറയാമെന്നായിരുന്നു ബെയ്ലിൻ ദാസിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!