മഹാരാഷ്ട്രയിലെ ജെഎന്‍പിഎ തുറമുഖം (പഗോട്ട്) മുതല്‍ ചൗക്ക് വരെ (29.219 കിലോമീറ്റര്‍) ബിഒടി (ടോള്‍) മോഡില്‍ ആറുവരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മ്മിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം.

ന്യൂഡൽഹി : 2025 മാർച്ച് 19
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി മഹാരാഷ്ട്രയിലെ ജെഎന്‍പിഎ തുറമുഖം (പഗോട്ട്) മുതല്‍ ചൗക്ക് വരെ (29.219 കിലോമീറ്റര്‍) ആറു വരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് അതിവേഗ ദേശീയ പാതയുടെ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കി. 4500.62 കോടി രൂപയുടെ മൊത്തം ചെലവില്‍ ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബിഒടി) മാതൃകയില്‍ പദ്ധതി വികസിപ്പിക്കും.
പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ആശയങ്ങള്‍ക്കു കീഴിലുള്ള സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയിലെ വലുതും ചെറുതുമായ തുറമുഖങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ബന്ധിപ്പിക്കുന്ന റോഡ് വികസനം. ജെഎന്‍പിഎ തുറമുഖത്തില്‍ കണ്ടെയ്‌നറുകള്‍ വര്‍ദ്ധിക്കുകയും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വികസിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ മേഖലയിലെ ദേശീയ പാത കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിരുന്നു.
നിലവില്‍, പാലസ്‌പെ ഫാറ്റ, ഡി-പോയിന്റ്, കലംബോലി ജംഗ്ഷന്‍, പന്‍വേല്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം, ജെഎന്‍പിഎ തുറമുഖത്തുനിന്ന് എന്‍എച്ച്-48 ലെ ആര്‍ട്ടീരിയല്‍ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ (ജിക്യു) സെക്ഷനിലേക്കും മുംബൈ – പൂനെ എക്‌സ്പ്രസ് വേയിലേക്കും വാഹനങ്ങള്‍ നീങ്ങാന്‍ 2-3 മണിക്കൂര്‍ സമയം എടുക്കുന്നു. പ്രതിദിനം ഏകദേശം 1.8 ലക്ഷം പിസിയു ഗതാഗതമുണ്ട്. 2025ല്‍ നവി മുംബൈ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ നേരിട്ടുള്ള കണക്റ്റിവിറ്റിയുടെ ആവശ്യകത വര്‍ദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
അതനുസരിച്ച്, ഈ കണക്റ്റിവിറ്റി ആവശ്യകതകള്‍ നിറവേറ്റുന്നതിനും ജെഎന്‍പിഎ തുറമുഖത്തെയും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നതിന്റെ ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പദ്ധതി, ജെഎന്‍പിഎ തുറമുഖത്ത് (എന്‍എച്ച് 348) (പഗോട്ട് ഗ്രാമം) ആരംഭിച്ച് മുംബൈ-പുണെ ഹൈവേ(എന്‍എച്ച് -48)യില്‍ അവസാനിക്കുന്നു. അതേസമയം മുംബൈ പൂണെ എക്‌സ്പ്രസ് വേയെയും മുംബൈ ഗോവ നാഷണല്‍ ഹൈവേ(എന്‍എച്ച് -66)യെയും ബന്ധിപ്പിക്കുന്നുമുണ്ട്.
വാണിജ്യ വാഹനങ്ങള്‍ക്കു കുന്നിന്‍പ്രദേശങ്ങളിലെ ഗാട്ട് സെക്ഷനു പകരം സുഗമമായ ഗതാഗതത്തിനായി സഹ്യാദ്രിയിലൂടെ കടന്നുപോകുന്ന രണ്ട് തുരങ്കങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് വലിയ കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് ഉയര്‍ന്ന വേഗതയും സുഗമമായ ചലനവും ഉറപ്പാക്കുന്നു.
പുതിയ 6 ലെയ്ന്‍ ഗ്രീന്‍ ഫീല്‍ഡ് പദ്ധതി ഇടനാഴി സുരക്ഷിതവും കാര്യക്ഷമവുമായ ചരക്കുനീക്കത്തിന് സഹായിക്കുംവിധം മികച്ച തുറമുഖ കണക്റ്റിവിറ്റിയിലേക്കു നയിക്കും. പദ്ധതി മുംബൈയിലും പൂനെയിലും പരിസരങ്ങളിലുമുള്ള വികസ്വര പ്രദേശങ്ങളില്‍ വളര്‍ച്ചയുടെയും വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ വഴികള്‍ തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!