കോട്ടയം: ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി
സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി
ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ പരിധിയിൽ
ഉൾപ്പെട്ട വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാരും മാനേജർമാരും ചുമതലപ്പെടുത്തിയ
അധ്യാപകരും ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജോൺ വി.
സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു.
ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ
ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേർത്തത്. പദ്ധതിയുടെ നടത്തിപ്പിന്റെ
ഭാഗമായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെ
യോഗവും ജില്ലയിലെ മാധ്യമപ്രവർത്തകരുടെ യോഗവും ജില്ലാ കളക്ടർ ഇതിനോടകം
വിളിച്ചുചേർത്തിരുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ
പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി
സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. മാർച്ച് രണ്ടാംവാരത്തോടെ തുടങ്ങി
മേയ് മാസത്തോടെ പൂർത്തിയാക്കുന്ന തരത്തിലാണ് ആലോചനകൾ നടക്കുന്നത്.
നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ്
അസോസിയേഷനുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും
പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ മനോഹരമാക്കും. ഓരോ നഗരസഭാ
പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ,
മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ മാലിന്യമുക്തമാക്കി
സൗന്ദര്യവൽക്കരിക്കും. ജില്ലയിലേക്കു പ്രവേശിക്കുന്ന നാലിടങ്ങളും ഇതിന്റെ
ഭാഗമായി മനോഹരമാക്കും. പദ്ധതിക്ക് പേരിടുന്നതിനായി ഹയർ സെക്കൻഡറി തലം വരെയുള്ള സ്‌കൂൾ വിദ്യാർഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികളും സ്വീകരിക്കും.കലാലയങ്ങളുടെ
അഭിമുഖമായുള്ള റോഡുകൾ മാലിന്യമുക്തമാക്കി പാതയോരങ്ങളിൽ ചെടികളും മറ്റും
വച്ചുപിടിപ്പിച്ചു മനോഹരമാക്കണമെന്ന നിർദേശത്തിന് യോഗത്തിൽ പിന്തുണ
ലഭിച്ചു. വിദ്യാർഥികളുടേയും എൻ.എസ്.എസ്. യൂണിറ്റുകളുടേയും പിന്തുണയോടെ
പാതയോരങ്ങൾ നവീകരിക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത വിദ്യാഭ്യാസ്ഥാപനങ്ങളുടെ
പ്രതിനിധികൾ അറിയിച്ചു. യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ
ലക്ഷ്മി പ്രസാദ്, ജില്ലാ കോഡിനേറ്റർ നോബിൾ മാത്യൂ, കോട്ടയം ഡെന്റൽ കോളജ്
പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ, അരവിത്തുറ സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ
ഡോ. സിബി ജോസഫ്, ഈരാറ്റുപേട്ട സീപാസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
പ്രിൻസിപ്പൽ ഡോ. റോസ്‌ലിറ്റ് മൈക്കിൾ, വൈക്കം സിപാസ് കോളജ് ഓഫ് ടീച്ചർ
എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. എ. മഞ്ജു, എം.ജി. സർവകാലാശാല സ്്കൂൾ ഓഫ് ലീഗൽ
തോട്ട്, നാട്ടകം ഗവ. കോളജ്, ഏറ്റുമാനൂർ ഗവ. ടി.ടി.ഐ, ചങ്ങനാശേരി എസ്.ബി.
കോളജ്, ചങ്ങനാശേരി എൻ.എസ്.എസ്. കോളജ്, വൈക്കം ശ്രീമഹാദേവ കോളജ്, പാലാ ഗവ.
പോളിടെക്‌നിക് കോളജ്, കോട്ടയം സി.എം.എസ്. കോളജ്, കോട്ടയം ബി.സി.എം. കോളജ്,
കോട്ടയം ബസേലിയോസ് കോളജ്, പള്ളം ബിഷപ് സ്പീച്ച്‌ലി കോളജ്, പുലരിക്കുന്ന്
എം.ജി. സർവകാലാശാല സ്റ്റാസ്, ചങ്ങനാശേരി സെന്റ് ജോസഫ് കോളജ്, സെന്റ് തോമസ്
കോളജ് പാല എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിൽ
പങ്കെടുത്തു. ഫോട്ടോക്യാപ്ഷൻ: ജില്ലയിലെ നഗരങ്ങൾ
സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും നടപ്പാക്കുന്ന ജനകീയ
പദ്ധതിയുടെ ഭാഗമായി ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത
ജില്ലയിലെ കലാലയ പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ
സംസാരിക്കുന്നു.
![](https://sabarinews.com/wp-content/uploads/2025/02/dc-1024x468.jpeg)