‘ഒരു വടക്കൻവീരഗാഥ’ 4K മികവിൽ ഫെബ്രുവരി 7-ന് തിയേറ്ററിൽ എത്തും

കൊച്ചി : കുതിരമേലേറി പുഴമുറിച്ചു വരുന്ന ചന്തുവും വാള്‍മൂര്‍ച്ചയുള്ള സംഭാഷണങ്ങളും ചുരികത്തലപ്പുകളുടെ ശീല്‍ക്കാരവും ചന്ദനലേപ സുഗന്ധമുള്ള പാട്ടുകളുമെല്ലാം ഇനി ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദഭംഗിയിലും ആസ്വദിക്കാം. മലയാള സിനിമയില്‍ ഐതിഹാസിക സ്ഥാനമുള്ള ‘ഒരു വടക്കന്‍വീരഗാഥ’ ഫെബ്രുവരി ഏഴിന് വീണ്ടും തിേയറ്ററുകളിലെത്തും. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ തേച്ചുമിനുക്കി ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേര്‍ന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ മലയാളത്തിനു സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കന്‍വീരഗാഥ’. പുതിയ കാലത്തിന്റെ ദൃശ്യ-ശബ്ദ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും പറയുന്നു.ചിത്രത്തിന്റെ റി റിലീസ് ചന്തുവിന്റെ കഥയ്ക്ക് വേറിട്ട ദൃശ്യഭാഷയൊരുക്കിയ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയാണ്. റി ലീസിനു മുന്നോടിയായി പുറത്തിറക്കിയ ടീസറിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. മമ്മൂട്ടിയാണ് ഇത് പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!