ന്യൂഡൽഹി : ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏഴ് തവണ എംഎൽഎയായ ചൗട്ടാല നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിട്ടുണ്ട്. 1999 മുതൽ 2005 വരെയുള്ള കാലഘട്ടത്തിലാണ് അവസാനം മുഖ്യമന്ത്രിയായത്. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകനാണ്.1935 ജനുവരിയിലാണ് അദ്ദേഹം ജനിച്ചത്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ഒമ്പതര വർഷത്തോളം തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. 2020ലാണ് ചൗട്ടാല ജയിൽ മോചിതനാകുന്നത്.