കോട്ടയം: സാങ്കേതികതയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ
പ്രശ്നങ്ങൾക്ക് താഴെത്തട്ടിലെത്തി പ്രായോഗിക പരിഹാരം കണ്ടെത്താനാണ്
അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി
വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും
തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന ‘കരുതലും
കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയം
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2023 ൽ നടത്തിയ താലൂക്ക്തല അദാലത്തിലൂടെ
ജില്ലയിൽ മൂവായിരത്തിലധികം പരാതികൾ പരിഹരിച്ചുവെന്നും നവകേരള സദസിൽ ലഭിച്ചു
പരാതികളിൽ 90 ശതമാനത്തിലധികം പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു.ജലവിഭവവകുപ്പു
മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച്
അദാലത്തിൽ പരാതികൾ കുറഞ്ഞുവന്നത് ഇത്തരം അദാലത്തു കളിലൂടെ ജനങ്ങളുടെ
പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിച്ചു എന്നതിൻ്റെ തെളിവാണെന്ന് മന്ത്രി
റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ് കെ.വി. ബിന്ദു,
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അഡീഷണൽ
ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, പാലാ ആർഡിഒ : കെ. പി .ദീപ , തഹസീൽദാർ
എസ്. എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.ജില്ലയിൽ
സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ജലവിഭവ വകുപ്പു
മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്താണ് അഞ്ചു താലൂക്കിലായി
അദാലത്തുകൾ നടക്കുക.വൈക്കം താലൂക്കിലെ അദാലത്ത് ഡിസംബർ 10 ന് രാവിലെ 10
മുതൽ വൈക്കം വല്ലകം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. മീനച്ചിൽ
താലൂക്കിലെ അദാലത്ത് ഡിസംബർ 13ന് രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ
ഹാളിലും ചങ്ങനാശേരി താലൂക്കിലേത് ഡിസംബർ 16ന് രാവിലെ 10 മുതൽ ചങ്ങനാശേരി
മുനിസിപ്പൽ ടൗൺ ഹാളിലും നടക്കും. ഡിസംബർ പന്ത്രണ്ടിന് നടക്കേണ്ട
കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്ത് മാറ്റിവച്ചിരുന്നു. പുതുക്കിയ തിയതി
പിന്നീടറിയിക്കും.
