കനത്ത മഴയിലും ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; നിരോധനത്തിൽ ഇളവ്‌

ശബരിമല : അതിശക്തമായി പെയ്‌ത മഴയെ അവഗണിച്ചും ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്‌ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ്‌ മല ചവിട്ടിയത്‌. തിങ്കളാഴ്‌ച പുലർച്ചെ മാത്രം മുപ്പതിനായിരത്തിനടുത്ത്‌ ആളുകൾ ദർശനം നടത്തി. കാനനപാത വഴിയും പുല്ലുമേട്‌ വഴിയുമുള്ള യാത്രയ്ക്ക്‌ നിരോധനം ഏർപ്പെടുത്തിയിട്ട്‌ പോലും തിങ്കളാഴ്‌ച വൈകിട്ട്‌ വരെ 67,781 തീർഥാടകർ മലകയറി. ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ്‌ ഉപയോഗിച്ചാണ്‌ ദർശനം നടത്തിയത്‌.  ഏത്‌ അടിയന്തര സാഹചര്യവും നേരിടാൻ പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്‌. പമ്പയിലുൾപ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു. മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്‌ച പുലർച്ചെ അൽപ്പം ശക്തി പ്രാപിച്ച മഴയ്‌ക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മൂടൽമഞ്ഞുണ്ടായി. പകൽ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന്‌ ശേഷം ശക്തമായ മഴ പെയ്‌തു. പമ്പയിലും നിലയ്‌ക്കലും മഴയുണ്ടായിരുന്നു. ശക്തമായ മഴയെ തുടർന്ന്‌ കാനനപാത അടച്ചതിനാൽ, അതുവഴി സഞ്ചരിച്ചിരുന്ന തീർഥാടകരെ കാളകെട്ടിയിൽ നിന്ന്‌ കെഎസ്‌ആർടിസി ബസുകളിൽ പമ്പയിലെത്തിച്ചു.

One thought on “കനത്ത മഴയിലും ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; നിരോധനത്തിൽ ഇളവ്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!