കോഴിക്കോട് :കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച : അഞ്ചു പ്രതികളെ പിടികൂടി കൊടുവള്ളി പോലീസ്നവംബര്‍ 27ന് രാത്രി കോഴിക്കോട് കൊടുവള്ളി ബസ് സ്റ്റാന്‍റിനുസമീപം കട നടത്തുന്ന സ്വര്‍ണ്ണപ്പണിക്കാരനായ ബിജുവിനെ കാറിലെത്തിയ കവര്‍ച്ചസംഘം സ്കൂട്ടറില്‍നിന്ന് ഇടിച്ചുവീഴ്ത്തിയാണ് അക്രമികൾ സ്വര്‍ണം കവര്‍ന്നത്. പതിവുപോലെ ജോലി കഴിഞ്ഞ് ബിജു മാനിപുരത്തെ വീട്ടിലേക്ക് പോകവെയാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പിന്നില്‍നിന്നെത്തിയ സ്വിഫ്റ്റ് കാര്‍ ഇടിച്ചുവീഴ്ത്തി 1.750 കിലോഗ്രാം സ്വര്‍ണം കവര്‍ന്നത്. 28ന് പുലര്‍ച്ചെ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കവര്‍ച്ചക്കാര്‍ ഉപയോഗിച്ചിരുന്ന കാറിന്‍റെ നമ്പര്‍ ലഭിച്ചെങ്കിലും വ്യാജമായിരുന്നു. കൂടതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബിജുവിന്‍റെ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ രമേഷിനെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണപ്പെട്ടു. അന്നേ ദിവസം രാത്രി ബിജുവിന്‍റെ കടയ്ക്കരികില്‍ രമേഷ് ചുറ്റിക്കറങ്ങുന്നതും ബിജുവിന്‍റെ സഹായിയായ അന്യസംസ്ഥാന തൊഴിലാളിയില്‍നിന്ന് ബിജുവിന്‍റെ നീക്കങ്ങള്‍ മനസ്സിലാക്കി ഫോണിലൂടെ വിവരങ്ങള്‍ കൈമാറിയതായും പൊലീസിന് വ്യക്തമായി. രമേഷിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ രമേഷിനും സുഹൃത്തായ രതീഷിനും കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇരുവരേയും ഗുരുവായൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് 150 പവന്‍ സ്വര്‍ണം കണ്ടെത്തുകയും ചെയ്തു. പ്രതികളെ ചോദ്യംചെയ്തതില്‍ കവര്‍ച്ചസംഘത്തിലെ മറ്റുള്ളവരുടെ വിവരം ലഭിച്ചു. ബിജുവിനെ കൊള്ളയടിക്കാന്‍ ഇരുസുഹൃത്തുക്കളും ചേര്‍ന്ന് പദ്ധതിയിട്ടത് നടപ്പിലാക്കാനായി വിപിനും മറ്റ് മൂന്നുപേര്‍ക്കും ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. മോഷണം നടത്തിയ ശേഷം സ്വര്‍ണം സംസ്ഥാനത്തിനു പുറത്ത് വില്‍ക്കാനായിരുന്നു പദ്ധതി. ഇതിൽ പങ്കാളികളായ വിപിന്‍, ഹരീഷ്, വിമല്‍ എന്നിവരെക്കൂടി തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പ്രതിക്കും 550 ഗ്രാം സ്വര്‍ണത്തിനുമായി അന്വേഷണം തുടരുന്നു. കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി നിധിന്‍രാജിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. താമരശ്ശേരി ഡിവൈ.എസ്.പി എ. പി. ചന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ കൊടുവള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ അഭിലാഷ് കെ. പിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ രാജീവ് ബാബു, ബിജു പി, എഎസ്ഐ ലിയ എം.കെ, എസ്.സിപിഒമാരായ രതീഷ് എ.കെ, അനൂപ് തരോല്‍, സിങ്ജിത്ത്, ജയരാജന്‍ എം. എന്‍, സിപിഒമാരായ സുമേഷ് കെ. വി, ശ്രീജേഷ് എസ്, സന്‍ദീപ്, ജിനീഷ് പി. പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
