കണ്ണൂര്‍ :വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ കവര്‍ച്ചാസംഘത്തില്‍പ്പെട്ട മൂന്നുപേരെത്തിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മതില്‍ ചാടിക്കടന്നാണ് ബുധനാഴ്ച രാത്രി 8.15-ഓടെ രണ്ടുപേര്‍ ഇരുനില വീട്ടിലെത്തിയത്. താഴത്തെ നിലയിലെ ചുമരില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ തിരിച്ച് ദിശമാറ്റിയ ശേഷമാണ് കവര്‍ച്ചക്കാര്‍ മോഷണം നടത്തിയത്. വീടിന്റെ ഇടതുഭാഗത്തുള്ള കാര്‍പോര്‍ച്ചിലെ സി.സി.ടി.വി.യില്‍ ആ ദൃശ്യം വ്യക്തമായിട്ടുണ്ട്. കവര്‍ച്ചാസംഘം ആദ്യം പിന്നിലെ വാതില്‍ തകര്‍ത്ത് അകത്തുകയറാനാണ് ശ്രമിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് അടുക്കളഭാഗത്തെ ജനല്‍ ലക്ഷ്യമിട്ടത്. വീടിനകത്ത് കടന്ന സംഘം ലോക്കര്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്കാണ് നേരേ പോയത്. 30 മുതല്‍ 45 മിനിട്ടുകള്‍ ക്കുള്ളില്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വീടും പരിസരവും കൃത്യമായി മനസ്സിലാക്കിയവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.